സിപിഐഎമ്മിന്റെ അക്രമിപ്പടയെ നിലക്ക് നിര്‍ത്താന്‍ പഴയ വേഷം വീണ്ടും കെട്ടാന്‍ ഒരു മടിയുമില്ല;തുനിഞ്ഞിറങ്ങിയാല്‍ സിപിഎമ്മിന്റ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ;പരസ്യഭീഷണിയുമായി വി മുരളീധരന്‍

തിരുവനന്തപുരം: സിപിഐഎമ്മിനെതിരേ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വി. മുരളീധരന്‍. പിഐഎമ്മിന്റെ അക്രമിപ്പടയെ നിലക്ക് നിര്‍ത്താന്‍ പഴയ വേഷം വീണ്ടും കെട്ടാന്‍ ഒരു മടിയുമില്ല.തുനിഞ്ഞിറങ്ങിയാല്‍ സി.പി.ഐ.എമ്മിന്റെ അടിവേര് മാന്തിയേ തങ്ങള്‍ നിര്‍ത്തൂ എന്നാണ് മുരളീധരന്റെ ഭീഷണി. ഫേസ്ബുക്കിലൂടെയാണ് മുരളീധരന്‍ ഭീഷണിയുമായി രംഗത്തെത്തിയത്.’ഞങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനെടുത്തവര്‍ക്കും അതിനായി ഉത്തരവിട്ടവര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും’ എന്നും മുരളീധരന്‍ മുന്നറിയിപ്പു നല്‍കുന്നു.കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിനെതിരെ ഭീഷണിയുമായി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നിത്യവും കഴുത്ത് നീട്ടിത്തരാന്‍ ഞങ്ങള്‍ അറവുമാടുകളല്ല. എന്നും സമാധാന ആഹ്വാനം നടത്താമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടുമില്ല. കേരളം ഭരിക്കുന്ന സി.പി.ഐ.എമ്മിന് ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം ഞങ്ങള്‍ക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാവില്ല. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുമ്പോഴും കേരളത്തില്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്നു എന്നത് ഗുരുതരമായ സ്ഥിതി തന്നെയാണ്.സി.പി.ഐ.എമ്മിന്റെ അക്രമിപ്പടയെ നിലക്ക് നിര്‍ത്താന്‍ പഴയ വേഷം വീണ്ടും കെട്ടാന്‍ ഒരു മടിയുമില്ല. ഒന്നും മറന്നിട്ടുമില്ല. തുനിഞ്ഞിറങ്ങിയാല്‍ സി.പി.ഐ.എമ്മിന്റ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ. ഇതിനെ ഭീഷണിയെന്നും മറ്റും വ്യാഖ്യാനിച്ച് മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സെലക്ടീവ് പ്രതികരണം നടത്തുന്ന കൂലിയെഴുത്തുകാരും ബഹളം വച്ചാലും എനിക്കൊരു ചുക്കുമില്ല. ഞങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനെടുത്തവര്‍ക്കും അതിനായി ഉത്തരവിട്ടവര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും . പിണറായിയല്ല അതിലും കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാവില്ല . നീതി നടപ്പാവുക തന്നെ ചെയ്യും….

© 2024 Live Kerala News. All Rights Reserved.