ശബരിമല പിക്‌നിക് സ്‌പോട്ട് ആക്കരുത്; കെടി ജലീലിന്റെയും കടകംപള്ളിയുടെയും സന്ദര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി .മുരളീധരന്‍

കൊച്ചി: മന്ത്രിമാരായ കെടി ജലീലിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും ശബരിമല  സന്ദര്‍ശനത്തിനെതിരെ   ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്ത് . നിരവധി ഹിന്ദു ഇതര മതസ്ഥര്‍, അയ്യപ്പനില്‍ വിശ്വാസമര്‍പ്പിച്ച് അവിടെ പോകാറുണ്ട്. കെടി.ജലീലിനോ കടകംപള്ളിക്കോ അയ്യപ്പഭക്തനെന്ന നിലയില്‍ അവിടെ കടന്നു ചെല്ലാം. എന്നാല്‍ തദ്ദേശസ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കെടി.ജലീല്‍ ശബരിമലയെ വെറും ഫോട്ടോ ഓപ്പര്‍ച്ചുനിറ്റിക്കുള്ള പിക്‌നിക് സ്‌പോട്ടായി കണ്ടാണ് പോയതെങ്കില്‍ അത് ശരിയല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ശബരിമല സന്നിധാനത്തില്‍ ചെന്നപ്പോള്‍ തൊഴുതത് ആത്മാര്‍ത്ഥമായി ഭക്തിയോടെ ആണോ എന്നദ്ദേഹം വ്യക്തമാക്കട്ടെയെന്നും മുരളീധരന്‍ ചോദിക്കുന്നു.ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
വി .മുരളീധരന്‍ പറയുന്നത് ഇങ്ങനെ

7777
ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപളളി സുരേന്ദ്രനും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലും ശബരിമല സന്നിധാനത്തില്‍ സന്ദര്‍ശനം നടത്തിയത് കാണുകയുണ്ടായി. അയ്യപ്പ സന്നിധിയില്‍ ഭക്തനായി പോകുന്നതിന് ജാതിമത വര്‍ണ്ണ ഭാഷാ തടസ്സങ്ങള്‍ ഒന്നും തന്നെയില്ല. അത് നൂറ്റാണ്ടുകളായി അങ്ങിനെ തന്നെയാണ്. നിരവധി ഹിന്ദു ഇതര മതസ്ഥര്‍, അയ്യപ്പനില്‍ വിശ്വാസമര്‍പ്പിച്ച് അവിടെ പോകാറുണ്ട്. കെടി.ജലീലിനോ കടകംപള്ളിക്കോ അയ്യപ്പഭക്തനെന്ന നിലയില്‍ അവിടെ കടന്നു ചെല്ലാം. എന്നാല്‍ തദ്ദേശസ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കെടി.ജലീല്‍ ശബരിമലയെ വെറും ഫോട്ടോ ഓപ്പര്‍ച്ചുനിറ്റിക്കുള്ള പിക്‌നിക് സ്‌പോട്ടായി കണ്ടാണ് പോയതെങ്കില്‍ അത് ശരിയല്ല. എന്റെ അറിവില്‍ കെ.ടി.ജലീലിന് അവിടെ പ്രത്യേകിച്ചൊരു റോളും അന്ന് ഉണ്ടായിരുന്നില്ല. മുന്‍ സിമിക്കാരന്‍ ആയ ജലീല്‍ ഒരു സുപ്രഭാതത്തില്‍ കുളിച്ച് കുറിതൊട്ട് മതേതരവാദി ആയെന്നു പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കാന്‍ പറ്റില്ല. ശബരിമലയെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യത്തിനുള്ള പ്രചരണ വേദിയാക്കി മാറ്റരുത്. കെ ടി.ജലീല്‍ സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശബരിമല ഫോട്ടോ കളില്‍ അദ്ദേഹം മേല്‍ശാന്തിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങുന്ന ഫോട്ടോ തന്ത്രപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നത് ആരെ ഭയന്നാണ്? ദേവസ്വം മന്ത്രി ശ്രീ.കടകംപളളി സുരേന്ദ്രന്‍ ശബരിമല സന്നിധാനത്തില്‍ ചെന്നപ്പോള്‍ തൊഴുതത് ആത്മാര്‍ത്ഥമായി ഭക്തിയോടെ ആണോ എന്നദ്ദേഹം വ്യക്തമാക്കട്ടെ. ഭക്തിപൂര്‍വ്വമെങ്കില്‍ ആ പരിവര്‍ത്തനത്തെ സിപിഎം എങ്ങനെ വ്യാഖ്യാനിക്കും എന്നുകൂടി അറിയണം .

© 2024 Live Kerala News. All Rights Reserved.