പുതിയ സംഘടന നല്ല ഉദ്ദേശ്യത്തോടെ;തിയേറ്ററുകള്‍ ഇനി അടച്ചിടേണ്ടിവരില്ലെന്ന് ദിലീപ്

കൊച്ചി:പുതിയ സംഘടന രൂപീകരിക്കുന്നതു നല്ല ഉദ്ദേശ്യത്തോടെയാണ് നടന്‍ ദിലീപ്. സിനിമയ്ക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയാണ് തന്റെ നേതൃത്വത്തിലുള്ളത്. ഇനി തിയറ്ററുകളില്‍ സിനിമ മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നും ദിലീപ്. തിയറ്ററുടമകളുടെ പുതിയ സംഘടനയുടെ രൂപീകരണയോഗത്തിന് മുമ്പ് കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം. തിയറ്ററുകളില്‍ സിനിമ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ തിയറ്റര്‍ ഉടമകളും യോഗത്തിനെത്തിയിട്ടുണ്ട്. മലയാള സിനിമയില്‍ ഇനി മുന്നോട്ടുള്ള കാര്യങ്ങളില്‍ ഈ സംഘടനയാകും ഉണ്ടാകുക. തന്നെ കള്ളപ്പണക്കാരന്‍ എന്നു വിളിച്ച് ആക്ഷേപിച്ചതിനെ പുച്ഛിച്ചു തള്ളുന്നു. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയുടെ പ്രഖ്യാപനം ഇന്നുണ്ടാകും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍നിന്നടക്കം തിയറ്റര്‍ ഉടമകളെ സംഘടിപ്പിച്ചു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നേതൃത്വത്തിലാണു പുതിയ സംഘടന. ഇതിനായുള്ള യോഗത്തിനു മുന്നോടിയായാണു ദിലീപും സംവിധായകന്‍ സിദ്ധിഖും മാധ്യമങ്ങളെ കണ്ടത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടന പൊളിക്കാന്‍ താന്‍ അതിനകത്ത് ഉള്ളയാളല്ല. സിനിമയെ സ്‌നേഹിക്കുന്നയാളാണ്. കാര്യമില്ലാത്ത കാര്യത്തിനു സിനിമാശാലകള്‍ അടയ്ക്കുന്ന പ്രവണത ശരിയല്ല. ന്യായത്തിന്റെ കൂടെ നില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ മലയാള സിനിമ പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. നിരവധി സിനിമകള്‍ ഇറങ്ങുമ്പോള്‍ അതില്‍ വളരെക്കുറവാണു വിജയിക്കുന്നത്. നല്ല രീതിയിലുള്ള തീരുമാനം വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് ദിലീപ് കൂട്ടിച്ചേര്‍ത്തു.ഫെഡറേഷനിലെ അംഗങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തീയറ്റര്‍ അടച്ചിട്ടുള്ള സമരത്തോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. നമ്മള്‍ സംസാരിക്കുന്നത് ആവശ്യത്തിന് വേണ്ടിയാകണമെന്നും ആര്‍ത്തിക്ക് വേണ്ടിയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, തിയറ്റര്‍ അടച്ചിട്ടുള്ള സമരം പിന്‍വലിക്കാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രാവിലെ തീരുമാനിച്ചു. സംഘടനയില്‍ പിളര്‍പ്പുണ്ടാകുകയും സമരത്തിനെതിരെ സര്‍ക്കാര്‍ നിലപാടു കടുപ്പിക്കുകയും ചെയ്തതോടെയാണു സമരം പിന്‍വലിച്ചത്.

© 2024 Live Kerala News. All Rights Reserved.