സിനിമാ സമരംപൊളിച്ച നടന്‍ ദിലീപിന് അഭിനന്ദനപ്രവാഹം; ലിബര്‍ട്ടി ബഷീറിന് ട്രോള്‍ പ്രവാഹവും

തിരുവനന്തപുരം: ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് സിനിമാ സമരംപൊളിച്ചതെന്ന് പറഞ്ഞ് നടനെ അഭിനന്ദിച്ച് സിനിമാമേഖലയിലെ നിരവധി പേര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. നടന്‍ അജു വര്‍ഗീസും സംവിധായകന്‍ വൈശാഖും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ദിലീപിന് അഭിനന്ദനവുമായി എത്തിക്കഴിഞ്ഞു. ബഹുഭൂരിപക്ഷം എ ക്ലാസ് തീയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് അസ്സോസ്സിയേഷനില്‍ വന്‍ വിള്ളല്‍ വീണതാണ് സമരം ഉപേക്ഷിക്കാന്‍ കാരണം. ഇതിനു പിന്നില്‍ ദിലീപിന്റെ തന്ത്രമാണെന്ന് സിനിമ ലോകം ഒന്നടങ്കം പറയുന്നു.മലയാള സിനിമയെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ കുത്തൊഴുക്കില്‍പ്പെട്ട് അപ്രത്യക്ഷരാവുമെന്നും സംവിധായകന്‍ വൈശാഖ് പറയുന്നു. ദിലീപേട്ടനും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നും വൈശാഖ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു. മലയാള സിനിമ എന്നും നിലനില്‍ക്കുമെന്നും ദീലീപേട്ടന് നന്ദി അറിയിക്കുന്നതായി വ്യക്തമാക്കി നടന്‍ അജുവര്‍ഗീസും ഗോപീസുന്ദറും രംഗത്തെത്തിയിരുന്നു. നിലവിലിരുന്ന 40-60 എന്ന വിഹിതം മാറ്റി തങ്ങള്‍ക്ക് 50-50 എന്ന നിലയില്‍ വരുമാനം ലഭിക്കണമെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് അസ്സോസ്സിയേഷന്റെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ തീയറ്റര്‍ ഉടമകള്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ എത്തി. എന്നാല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി തന്നെ സമരത്തെ നേരിട്ടു. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ തീയറ്റര്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരത്തിനെതിരെ താരങ്ങള്‍ പലരും പരസ്യ പ്രതികരണവുമായി എത്തിയിരുന്നു. പ്രതികരണങ്ങളില്‍ മാത്രം ഒതുങ്ങവേ തീയറ്റര്‍ ഉടമ കൂടിയായ ദിലീപ് തീയറ്റര്‍ അടച്ചിടുന്നതിനെ എതിര്‍ക്കുന്ന ഉടമകളെ ചേര്‍ത്ത് പുതിയ സംഘടന എന്ന മുന്നൊരുക്കം നടത്തിയതാണ് സമരം പൊളിയാന്‍ കാരണം. ഇന്ന് പുതിയ സംഘടനയുടെ ആദ്യ യോഗം ചേരും.

മലയാള സിനിമ ലോകം മുഴുവന്‍ ദിലീപിനെ അഭിനന്ദിച്ച് രംഗത്തെത്തി കഴിഞ്ഞു. മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ തകര്‍ത്ത ദിലീപേട്ടന് ആശംസയുമായി ആരാധകരും സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങി. ദിലീപിന് ആശംസകള്‍ നേരുമ്പോള്‍ ലിബര്‍ട്ടി ബഷീറിന് വന്‍ ട്രോളുകളാണ്.

 

ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി എന്നിവ ഉടന്‍ തന്നെ റിലീസിനെത്തും.

© 2024 Live Kerala News. All Rights Reserved.