ബാര്‍ കോഴക്കേസ് അട്ടിമറി;എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു വിജിലന്‍സ്; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം:ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക കോടതിയില്‍ വിജിലന്‍സ് ഇന്ന് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണോദ്യോഗസ്ഥനായ സുകേശന്‍ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിനും തെളിവില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുവെന്നും തുടരാന്വേഷണത്തില്‍ ഏകപക്ഷീയമായി നിര്‍ദേശങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു . അന്വേഷണോദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശനുമേല്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി സമ്മര്‍ദംചെലുത്തി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. സമ്മര്‍ദത്തെത്തുടര്‍ന്ന് സുകേശന്‍ കേസ്ഡയറി തിരുത്തിയെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. കേസന്വേഷണം സംബന്ധിച്ച് ശങ്കര്‍റെഡ്ഡി സുകേശന് അയച്ച കത്തുകളായിരുന്നു ഹര്‍ജിയുടെ അടിസ്ഥാനം.കെ.എം.മാണിക്ക് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍വെച്ച് പത്തുലക്ഷം രൂപ നല്‍കുന്നതുകണ്ടു എന്ന അമ്പിളിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ശങ്കര്‍റെഡ്ഡി സുകേശനുള്ള കത്തില്‍ പറഞ്ഞിരുന്നു. ടെലിഫോണ്‍ രേഖകള്‍ ആരോപണം ശരിവയ്ക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ബാറുടമ ബിജു രമേശിന്റെ ഡ്രൈവറായിരുന്നു അമ്പിളി. ബാറുടമകള്‍ മാണിക്ക് അനുകൂലമായി മൊഴിമാറ്റിയതിലും വിശ്വാസ്യതയില്ലെന്ന് ശങ്കര്‍റെഡ്ഡി സുകേശനുള്ള കത്തില്‍ പറയുന്നുണ്ട്. വ്യക്തമായ തെളിവുകള്‍ മാണിക്കെതിരെ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ശങ്കര്‍റെഡ്ഡി സുകേശനു നിര്‍േദശം നല്‍കിയിരുന്നു. ഈ നിര്‍േദശങ്ങള്‍ അന്വേഷണോദ്യോഗസ്ഥനായ സുകേശനെ സമ്മര്‍ദത്തിലാക്കിയോ എന്നാണ് വിജിലന്‍സ് അന്വേഷിച്ചത്.

© 2024 Live Kerala News. All Rights Reserved.