ബാര്‍ക്കോഴയിലുടക്കി നിയമസഭ: നിയമോപദേശം നിയമവിരുദ്ധമെന്ന് പ്രതിപക്ഷം. സഭ സമ്മേളനം പുനക്രമീകരിച്ചു.

തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനക്രമീകരിക്കാന്‍ കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്തു. ഈ മാസം 29 ന് വീണ്ടും ചേരാനാണ് നിര്‍ദ്ദേശം. അതേ സമയം ബാര്‍കോഴ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബാര്‍കോഴയിലെ നിയമോപദേശം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമോപദേശകര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നുവെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബാര്‍കോഴയില്‍ ധനമന്ത്രി കെ എം മാണി നുണപരിശോധനയ്ക്ക് വിധേയനാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മാണി നുണപരിശോധനയ്ക്ക് തയ്യാറായാല്‍ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കാമെന്നും കോടിയേരി പറഞ്ഞു. മാണിയെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാര്‍കോഴ കേസില്‍ അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിയമോപദേശം നിമയവിധേയമാണ്. അന്വേഷണറിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കോടതിക്ക് കൈമാറും. മുഖ്യമന്ത്രി തന്നെ നോക്കുകുത്തിയായി കേസില്‍ ഇടപെട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ചെന്നിത്തല തള്ളിക്കളഞ്ഞു.

എന്നാല്‍ ബാര്‍കോഴയുമായി ബന്ധപ്പെട്ടുള്ള കോടിയേരിയുടെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ബാര്‍ കോഴ എന്നായിരുന്നു മന്ത്രി കെ ബാബു പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.