ബാര്‍ക്കേസ് ഗൂഢാലോചന സംബന്ധിച്ച കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍പ്രകാശും ഉമ്മന്‍ചാണ്ടിയും; മാണിയെയും കേരള കോണ്‍ഗ്രസിനെയും ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യം

കൊച്ചി: ബാര്‍കോഴയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. രമേശ് ചെന്നിത്തല,പി.സി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ ഗൂഢാലോചനയ്ക്ക് പിന്നിലെന്നു അന്വേഷണത്തില്‍ വ്യക്തമായതായാണ് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാണിയെ നീക്കുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് ബാര്‍കോഴ ആരോപണത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നു. മാണിയെയും കേരള കോണ്‍ഗ്രസിനെയും ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യം. 71 പേജുളള അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.സി.എഫ് തോമസ് എംഎല്‍എ അധ്യക്ഷനായുളള സമിതിയാണ് ബാര്‍കോഴയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തിയത്. 2016 മാര്‍ച്ച് 31ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇതിന്റെ ആമുഖത്തില്‍ തന്നെ കേരള കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ വിട്ടുപോയവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കി.രമേശ് ചെന്നിത്തല, ജേക്കബ് തോമസ്, ജോസഫ് വാഴയ്ക്കല്‍, പി.സി ജോര്‍ജ് എന്നിവര്‍ പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ ഒരുമിച്ചിരുന്നാണ് ബാര്‍ കോഴക്കേസില്‍ മാണിയെ ഫ്രെയിം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള, ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്.പി ആര്‍. സുകേശന്‍, ബിജു രമേശ് തുടങ്ങിയവര്‍ ഗൂഢാലോചനയുടെ പല ഘട്ടങ്ങളിലും പങ്കെടുത്തു. മുഖ്യമന്ത്രി പദമായിരുന്നു രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. പാലായിലെ നേതാവാകുകയായിരുന്നു ജോസഫ് വാഴയ്ക്കന്റെ ആഗ്രഹം. മുമ്പ് മൂന്നു തവണ മത്സരിച്ച് പരാജയപ്പെട്ട എം.എം ജേക്കബിന് ആ വിരോധമാണ് മാണിയോടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.