ഡല്‍ഹിയില്‍ 17വയസുകാരിയെ വെടിവെച്ചുകൊന്നു;വെടിവെച്ചത് സുഹൃത്ത്

ന്യൂഡല്‍ഹി: നജഫ്ഗഡില്‍ 17വയസുകാരിയെ സുഹൃത്ത് വെടിവെച്ചുകൊന്നു. വീടിന് പുറത്ത് മെഴ്‌സിഡസ് കാറില്‍ വെച്ചായിരുന്നു സംഭവം.
വെടിവെച്ചശേഷം സുഹൃത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു.അതേസമയം കുട്ടിയെ വെടിവെച്ച് കൊല്ലാനുണ്ടായ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഉച്ചഭക്ഷണവും ഷോപ്പിങ്ങും കഴിഞ്ഞ് ഏഴരയോടെ മടങ്ങിയെത്തിയ മകളെ കാത്ത് വീടിന് പുറത്ത് അമ്മ നില്‍ക്കവെയാണ് സംഭവമുണ്ടായത്. സംഭവത്തിന് തൊട്ട് മുന്‍പ് മകളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു.മകളും ശുഭം, യോഗേഷ് എന്നീ സുഹൃത്തുക്കളും കാറില്‍ നിന്നിറങ്ങുന്നത് നോക്കിനില്‍ക്കുകയായിരുന്നു അമ്മ. സുഹൃത്തായ യോഗേഷ് പുറത്തിറങ്ങിയതിന് ശേഷം കാറിനകത്ത് നിന്നും വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടത്. ശുഭം അപ്പോള്‍ത്തന്നെ ഓടിരക്ഷപ്പെട്ടു. യോഗേഷും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

© 2024 Live Kerala News. All Rights Reserved.