വീണ്ടും നിയന്ത്രണം; 5000 രൂപയിലധികം അസാധു നോട്ടുകളുടെ നിക്ഷേപം ഒറ്റത്തവണ മാത്രം

ന്യൂഡല്‍ഹി: അസാധു നോട്ടുകളുടെ നിക്ഷേപത്തിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം.പഴയ 500, 1000 നോട്ടുകളില്‍ 5000 രുപയില്‍ കൂടുതലുള്ള നിക്ഷേപം ഒറ്റത്തവണ മാത്രമേ അനുവദിക്കൂ.അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാനുള്ള അവസാന തീയ്യതി ഡിസംബര്‍ 30 വരെ ആണെന്നിരിക്കെയാണ് നിക്ഷേപത്തിനും കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നത്.ബാങ്ക് അക്കൗണ്ടുകളിൽ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 5000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാനെത്തുന്നവർ ഇത്രയും നാളും എന്തുകൊണ്ടാണ് നിക്ഷേപിക്കാതിരുന്നതെന്ന വിശദീകരണം നൽകേണ്ടിവരും. ഇത് തൃപ്തിപ്പെടുത്തുന്നതാണെങ്കിൽ മാത്രമേ പണം അക്കൗണ്ടിൽ നിക്ഷേപിക്കൂ. കെവൈസി മാനദണ്ഡങ്ങൾ പാലിച്ച അക്കൗണ്ടുകളിൽ മാത്രമേ ഇത്തരത്തിൽ പണം ഇടാനാകൂവെന്നും കേന്ദ്രം നിർദേശിക്കുന്നു. സംശയമുണ്ടെങ്കിൽ ബാങ്ക് ജീവനക്കാർക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും പുതിയ ഉത്തരവിൽ പറയുന്നു. അതുപോലെ തത്തുല്യമായ പണം മുന്നാമതൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയാല്‍ അയാളില്‍ നിന്നും മതിയായ അംഗീകാര പത്രവും വേണ്ടി വരും. കള്ളപ്പണത്തിനെതിരേയെന്ന് പറഞ്ഞ് നടത്തിയ നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിക്ക് ലക്ഷ്യം തെറ്റിയിരിക്കുകയാണ് എന്ന് ആക്ഷേപിച്ച് കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐയ്ക്കും എതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിരോധം ശക്തമാക്കുമ്പോഴാണ് പുതിയ നിര്‍ദേശവും.അതേസമയം പിന്‍ വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 തന്നെയായിരിക്കും. നവംബര്‍ 8 ന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത കാലം വരെ സര്‍ക്കാര്‍ 50 ലധികം നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

© 2024 Live Kerala News. All Rights Reserved.