ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവി;നിയമനം മലയാളിയടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്ന്

ന്യൂഡല്‍ഹി: ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. നിലവില്‍ കരസേനാ ഉപമേധാവിയായ റാവത്ത് ഈമാസം 31ന് ദല്‍ബീര്‍ സിങ് ചുമതലയൊഴിയുന്നതോടെ 26ാമത്തെ കരസേനാ മേധാവിയായി സ്ഥാനമേല്‍ക്കും. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം പുതിയ നിയമനങ്ങള്‍ അറിയിച്ചത്.സീനിയോറിറ്റിയില്‍ മുന്നിലുള്ള മലയാളിയും സതേണ്‍ കമാന്‍ഡ് തലവനുമായ ലഫ്. ജനറല്‍ പി.എം. ഹാരിസിനെയും ഈസ്റ്റേണ്‍ കമാന്‍ഡിനെ നയിക്കുന്ന ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷിയെയും മറികടന്നാണ് റാവത്തിനെ കരസേന തലവനായി നിയമിക്കുന്നത്. ഭീകരവാദമടക്കമുള്ള വെല്ലുവിളികളെ നേരിടാനും വടക്കു കിഴക്കന്‍ ഇന്ത്യയിലെ സ്ഥിതിഗതികള്‍ നേരിടാനും എന്തുകൊണ്ടും യോഗ്യന്‍ റാവത്താണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഭീകരവാദം നേരിടുന്നതിലും നിയന്ത്രണരേഖയിലെ നടപടികളിലും ലെഫ്റ്റന്റ് ജനറല്‍ ഹാരിസിന് പരിചയം കുറവാണെന്നും മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. 1983ല്‍ ജനറല്‍ വൈദ്യയെ നിയമിച്ചശേഷം ആദ്യമായാണ് സീനിയോറിറ്റി മറികടന്നുള്ള കരസേന മേധാവി നിയമനം.കഴിവും ചേര്‍ച്ചയും കണക്കിലെടുത്താണ് പുതിയ കരസേനാ മേധാവിയുടെ നിയമനമെന്ന് പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.