പുതിയ ചാനലുമായി അര്‍ണാബ് ഗോസ്വാമി; യുപി തെരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചേക്കും

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി നേതൃത്വത്തില്‍ പുതിയ വാര്‍ത്താചാനല്‍ വരുന്നു.റിപ്പബ്ലിക് എന്നാണ് ചാനലിന് പേര് നല്‍കിയിരിക്കുന്നത്.2017 ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ചാനലിന്റെ പ്രവര്‍ത്തനം ആരംഭിച്ചേക്കും.ഇക്കഴിഞ്ഞ നവംബറിലാണ് അര്‍ണാബ് ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ചത്. നേരത്തെ അര്‍ണാബ് ഗോസ്വാമി അവതരിപ്പിച്ചിരുന്ന ന്യൂസ് അവര്‍ ആയിരുന്നു ചാനലിന്റെ 60 ശതമാനം വരുമാനവും നിര്‍ണയിച്ചിരുന്നത്. ഇതിന് പുറമെ ഫ്രാങ്ക്‌ലി സ്പീക്കിംഗ് എന്ന പരിപാടിയിലൂടെ രാഷ്ട്രീയനേതാക്കള്‍, കായികതാരങ്ങള്‍, സെലിബ്രേറ്റികള്‍ എന്നിവരുമായി അഭിമുഖവും നടത്തിയിരുന്നു. പത്ത് വര്‍ഷമായി ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അര്‍ണാബ് ഗോസ്വാമി.1995ലാണ് അര്‍ണബ് ഗോസ്വാമി മാധ്യമപ്രവര്‍ത്തന രംഗത്തെത്തുന്നത്. കൊല്‍ക്കത്തയിലെ ടെലഗ്രാഫ് എന്ന മാധ്യമത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് 1995ല്‍ തന്നെ എന്‍.ഡി.ടി.വിയില്‍ ചേര്‍ന്നു. തുടര്‍ന്ന് രാജ്യത്തെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ നിരയിലേക്ക് അര്‍ണബ് ഗോസ്വാമി വളര്‍ന്നു. പിന്നീട് ടൈസ് നൗവിലേക്ക് മാറിയ അദ്ദേഹം 2006ല്‍ ചാനലിന്റെ എഡിറ്റര്‍ഇന്‍ചീഫായി. ഇപ്പോള്‍ രാഹുല്‍ ശിവശങ്കറാണ് ടൈംസ് നൗവിന്റെ പുതിയ എഡിറ്റര്‍ഇന്‍ചീഫ്.

© 2024 Live Kerala News. All Rights Reserved.