കമലിന്റെ വീടിനു മുന്നില്‍ ദേശീയ ഗാനംആലപിച്ച ബിജെപിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്; ‘പൊതു വഴിയില്‍ ദേശീയ ഗാനം ആലപിക്കുന്നതു നിരോധിച്ചിട്ടില്ല’

തൃശൂര്‍ :സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധ സൂചകമായി ദേശീയഗാനം ആലപിച്ച് പരിപാടി സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ്. പൊതു വഴിയില്‍ ദേശീയ ഗാനം ആലപിക്കുന്നതു നിരോധിച്ചിട്ടില്ല എന്നതാണു പ്രധാന കാരണം. മാത്രമല്ല ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന വിധം ഗാനം ആലപിച്ചിട്ടുമില്ല. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് ഈ വിഷയത്തില്‍ കേസെടുക്കാനാകില്ല. ചില പ്രവര്‍ത്തകര്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ഇരിക്കുകയായിരുന്നവെന്ന പരാതിയും ശരിയല്ലെന്നു പൊലീസ് കണ്ടെത്തി. വീഡിയോ പരിശോധിച്ച ശേഷമാണു ഈ നിഗമനത്തില്‍ പൊലീസ് എത്തിയത്. കമലിന്റെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യം പോലെ വിളിച്ചതിനെതിരെ റവല്യൂഷണറി യൂത്ത് ഭാരവാഹികളാണ് പൊലീസില്‍ പരാതി നല്‍കിയത്. ദേശീയഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദ പാലിക്കാതെയാണ് പ്രതിഷേധം നടന്നതെന്നാണ് ഇവരുടെ ആരോപണം. സമയക്രമം തെറ്റിച്ചും സഞ്ചരിച്ചുകൊണ്ടുമാണ് ദേശീയഗാനം ആലപിച്ചതെന്നും ഇരിങ്ങാലക്കുട എഎസ്പി: മെറിന്‍ ജോസഫിനു ലഭിച്ച പരാതിയില്‍ പറയുന്നു.തീയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ ഇനി മുതല്‍ അറസ്റ്റ് ചെയ്യില്ലെന്ന് കമല്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കമലിന്റെ വീടിന് മുന്നിലും ചലച്ചിത്രമേള നടക്കുന്നു തീയറ്ററുകള്‍ക്ക് മുന്നിലും ബിജെപിക്കാര്‍ പ്രതിഷേധിച്ചിരുന്നു. സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണം എന്ന പരിധിയില്‍ നിന്നും ചലച്ചിത്രമേളയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കമല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.