കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി യുവമോര്‍ച്ചക്കാര്‍;വീടിന് മുന്നില്‍ പ്രതിഷേധിച്ച് ദേശീയഗാനം ചൊല്ലിയവരാണ് അതിനെ അവഹേളിച്ചതെന്ന് കമല്‍; യുവമോര്‍ച്ചക്കാരെ പൊലീസ് തടഞ്ഞു

തൃശ്ശൂര്‍:ഐഎഫ്എഫ്‌കെയിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. വീടിന് മുന്നില്‍ നിന്നും അകലെ റോഡില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ അടങ്ങിയ നൂറോളം വരുന്ന സംഘമാണ് കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളും അവസാനം ദേശീയഗാനവുമായി അണിനിരന്നത്.തന്റെ വീടിന് മുന്നില്‍ പ്രതിഷേധമായി ദേശീയഗാനം ആലപിച്ചവരാണ് യഥാര്‍ത്ഥത്തില്‍ അപമാനിച്ചതെന്ന് കമല്‍ പറഞ്ഞു. പ്രതിഷേധക്കാരെ ഭയക്കുന്നില്ല. താനും ഇവിടുത്തെ പൗരനാണ്. ദേശീയതയുടെ അപ്പോസ്തലന്‍മാരായി ചമഞ്ഞ് ആരും വരേണ്ട. അങ്ങനെ ചമഞ്ഞെത്തിയവരാണ് പ്രതിഷേധമായി ദേശീയഗാനം ആലപിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി.സിനിമകള്‍ക്ക് മുന്‍പായി ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയത് കമലിന്റെ നിര്‍ദേശ പ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്ന് ഇന്നലെ ബിജെപി ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.