തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി; പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പിന് 11 ലക്ഷം രൂപ പിഴ

ഹരിദ്വാര്‍: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പിന് ഉത്തരാഖണ്ഡ് ഹരിദ്വാര്‍ കോടതി 11 ലക്ഷം രൂപ പിഴ വിധിച്ചു. ഒരുമാസത്തിനകം പിഴയടയ്ക്കാന്‍ കോടതി പതഞ്ജലി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു.2012ല്‍ ഫുഡ് സേഫ്റ്റി വകുപ്പ് നല്‍കിയ പരാതിയിലാണ് വിധി. മറ്റ് കമ്പനികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സ്വന്തം ലേബലില്‍ വിറ്റതും അതിന്റെ പരസ്യം നല്‍കിയതുമാണ് പിഴ ശിക്ഷക്ക് കാരണമായത്. ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52,53 വകുപ്പുകളും പാക്കേജിങ് ആന്‍ഡ് ലേബലിങ് ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. 2012 ലാണ് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം കമ്പനിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പതഞ്ജിലിയുടെ കടുക് എണ്ണ, ഉപ്പ്, കൈതച്ചക്ക ജാം, കടലമാവ്, തേന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ ഗുണമേന്‍മാ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. വേണ്ടത്ര ഗുണമേന്‍മ ഇല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷ്യസുരക്ഷാ നിയമം 52,53 സെക്ഷനുകളുടെയും, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് നിയമത്തിന്റെയും ലംഘനമാണെന്ന് കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്്.

© 2024 Live Kerala News. All Rights Reserved.