കനത്ത നാശം വിതച്ച് വര്‍ധ ചുഴലിക്കാറ്റ്;മരണ സംഖ്യ പത്തായി;ചെന്നൈ ഇരുട്ടില്‍; വിമാനത്താവളം തുറന്നു

ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. കനത്ത കാറ്റിലും മഴയിലും തമിഴ്‌നാട്ടില്‍ 10 പേര്‍ മരിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ചെന്നൈയില്‍ നാലും കാഞ്ചീപുരത്തും തിരുവള്ളൂരിലും രണ്ടും വില്ലുപുരത്തും നാഗപട്ടണത്തും ഒരാള്‍ വീതവുമാണു മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടഞ്ഞുകിടക്കും. ചെന്നൈയിലടക്കം റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. നഗരത്തില്‍നിന്ന് കേരളത്തിലേക്ക് അടക്കമുള്ള 17 ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു.സബര്‍ബന്‍ ട്രെയിനുകളും ഓടിയിരുന്നില്ല. റോഡ് ഗതാഗതവും ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചു. അടുത്ത 12 മണിക്കൂര്‍ വരെ പ്രദേശത്ത് ശക്തമായ മഴ തുടരും.പാര്‍വതി (85), കര്‍ണാ ബെഹ്‌റ (24), കാര്‍ത്തിക്ക് (മൂന്ന്), വൈകുണ്ഡനാഥന്‍ (42), മണി (60), രാധ (75), അമാനുള്ള (45) എന്നിവരാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും വീടിന്റെ ചുമരും മേല്‍ക്കൂരയും ഇടിഞ്ഞുവീണാണ് ഇവരില്‍ പലരും മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 130-150 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത വൈകുന്നേരത്തോടെ 15-25 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കാറ്റ് ചെന്നൈ നഗരം കടന്നുപോയെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വര്‍ധയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. കണ്‍ട്രോള്‍ റൂം നമ്പര്‍: തമിഴ്‌നാട് 044 593990, ആന്ധ്ര 0866 2488000.നേരത്തെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴിക്കാറ്റ് മണിക്കൂറില്‍ നൂറ്റിമുപ്പതുമുതല്‍ നൂറ്റിയന്‍പത് കിലോമീറ്റര്‍ വരെ വേഗത്തിലാണ് കരയിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കരയിലെത്തിയ കാറ്റ് രണ്ടു മണിക്കൂറോളം അതിശക്തമായി തുടര്‍ന്നു. മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.ചെന്നൈ മുതല്‍ ആന്ധ്രയിലെ നെല്ലൂര്‍വരെയുള്ള പ്രദേശത്തുകൂടിയാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. സമീപ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങള്‍ അതീവജാഗ്രതയിലാണ്.ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കഴിയുന്ന 9,400ല്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധയിടങ്ങളിലായി 266 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 95 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ ഏതാണ്ട് 8000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 10,754 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. കപ്പലുകളടക്കമുള്ള രക്ഷാസംവിധാനങ്ങള്‍ തയാറാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.