വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തി;ചെന്നൈ വിമാനത്താവളം അടച്ചു;വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു;സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു ;കനത്ത ജാഗ്രത

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തി. കൊടുങ്കാറ്റിന്റെ പ്രഭാവം ശക്തമായതോടെ അപകട സാധ്യത ഒഴിവാക്കാനായി ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. കനത്ത മഴയും കാറ്റും ചെന്നൈയിലെ ജനജീവിതത്തെ രാവിലെ മുതല്‍ ബാധിച്ച് തുടങ്ങിയിരുന്നു. സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വ്വീസുകളുടെ വേഗത കുറയ്ക്കുകയും ഇലക്ട്രിക് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തുകയും ചെയ്തു. കാറ്റിന്റെ വേഗത കൂടിയാല്‍ മെട്രോ സര്‍വ്വീസ് നിര്‍ത്തുമെന്നും അറിയിപ്പുണ്ട.വര്‍ധ കൊടുങ്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ചെന്നൈ തീരത്തേക്ക് പ്രവേശിച്ചതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊടുങ്കാറ്റിന്റെ വരവറിയിച്ച് രാവിലെ മുതല്‍ തന്നെ തമിഴ്‌നാട് തീരങ്ങളില്‍ കനത്ത കാറ്റും മഴയും ശക്തമായിരുന്നു. 140 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തെത്തിയ വര്‍ധ വീശിയടിക്കുന്നത്.തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനങ്ങളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറായി നില്‍ക്കുന്നുണ്ട്.അടിയന്തര സാഹചര്യത്തില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇവയാണ്. 04425619206, 25619511,25384965 വാട്‌സ് ആപ്പ് നമ്പര്‍: 9445477207,9445477203,9445477206.നേരത്തെ ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ഭാഗത്ത് കൂടിയാവും വര്‍ധ തീരപ്രദേശത്തേക്ക് എത്തുകയെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാല്‍ ഗതിമാറിയ കൊടുങ്കാറ്റ് ചെന്നൈ പുലികട്ടിന് സമീപമാണ് തീരപ്രദേശത്തേക്ക് പ്രവേശിക്കുക. കാറ്റ് മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുമെന്നതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം ഇരു സംസ്ഥാനങ്ങളിലും പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്തേക്ക് വര്‍ധ എത്തിയതോടെ മഴ ശക്തിപ്രാപിച്ചു. രാവിലെ തന്നെ കനത്ത മഴ തുടങ്ങിയതോടെ ചെന്നൈയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.