വര്‍ധ ചുഴലിക്കാറ്റില്‍ രണ്ടു മരണം; ആയിരത്തിലേറെ മരങ്ങള്‍ കടപുഴകി വീണു;266 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ആന്ധ്ര, പുതുച്ചേരി തീരങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി രണ്ടുപേര്‍ മരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ചെന്നൈയില്‍ മൈലാപുരില്‍ മരം വീണ് സ്ത്രീ മരിച്ചു. മരങ്ങള്‍ കടപുഴകിയും മറ്റും ചെന്നൈയിലും സമീപപ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ആയിരത്തിലേറെ മരങ്ങള്‍ കടപുഴകിയതായാണ് റിപ്പോര്‍ട്ടുകള്‍.ശക്തമായ കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നാതായി റിപ്പോര്‍ട്ടുണ്ട്.നഗരത്തിലും കടലോര പ്രദേശമായ കാഞ്ചീപുരം, തിരുവള്ളൂര്‍ തടുങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. 266 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് തുറന്നു. ആന്ധ്രാ, പുതുച്ചേരി തീരങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈയിലെ വ്യോമകര ഗതാഗതം പൂര്‍ണമായും സത്ംഭിച്ചിരിക്കുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ദീര്‍ഘദൂരസബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണ് റോഡ് ഗതാഗതം മുടങ്ങിയിട്ടുണ്ട്. രാവിലെ മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. റോഡുകളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ശക്തമായ കാറ്റും ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയും പ്രതീക്ഷിക്കാമെന്ന് ചെന്നൈ റീജനല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. ബാലചന്ദ്രന്‍ പറഞ്ഞു. ചെന്നൈ തീരത്തുനിന്ന് 660 കിലോമീറ്റര്‍ കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് അതീവ ശക്തിയുള്ള ന്യൂനമര്‍ദം രൂപപ്പെട്ടത്.മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്ന മുന്നറിയിപ്പിനത്തെുടര്‍ന്ന് തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ ഒരുക്കം വിലയിരുത്തി. മണിക്കൂറില്‍ 140 കിലോമീറ്ററിനുമേല്‍ വരെ വേഗത പ്രാപിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മ പറയുന്നു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം ജില്ലകളില്‍ ഇന്ന് പൊതുഅവധി നല്‍കി.അണ്ണാ സര്‍വകലാശാല ഇന്നും നാളെയുമായി നടത്താനിരുന്ന എല്ലാ പരീക്ഷകളും നീട്ടിവെച്ചു.

© 2024 Live Kerala News. All Rights Reserved.