ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 97 മരണം;റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപസമൂഹത്തിലെ ആച്ചെ പ്രവശ്യയില്‍ ശക്തമായ ഭൂചലനം. 97 ഓളം പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരുക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. നിരവധിക്കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതിനടയില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്.റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രദേശിക സമയം പുലര്‍ച്ചെ അഞ്ചോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയില്‍ ജനം പ്രഭാതനമസ്‌കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.12 വര്‍ഷം മുമ്പ് ഡിസംബറിലുണ്ടായ വന്‍ ഭൂകമ്പത്തിലും പിന്നാലെയുണ്ടായ സുനാമിത്തിരകളിലും പെട്ട് പ്രദേശം നാമാവശേഷമായിരുന്നു. 2004ലില്‍ 9.1 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ രണ്ട് ലക്ഷത്തോളം പേരാണ് മരിച്ചത്.

© 2024 Live Kerala News. All Rights Reserved.