തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടമാണെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദന്‍. കാസ്‌ട്രോയുടെ വേര്‍പാടോടെ വിപ്ലവ നഭസിലെ ശുഭ്രനക്ഷത്രം അസ്തമിച്ചുവെന്ന് വിഎസ് അഭിപ്രായപ്പെട്ടു. അര നൂറ്റാണ്ടുകാലം ലോകത്തെ മനുഷ്യ മോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും പ്രകാശവും പകര്‍ന്നു. ഇരട്ട സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിച്ച കാസ്‌ട്രോയും ചെഗുവേരയും പ്രകാശ ഗോപുരങ്ങളായി നിലകൊണ്ടു. ചെഗുവേര അകാലത്തില്‍ വേര്‍പിരിഞ്ഞുവെങ്കില്‍ കാസ്‌ട്രോ തന്റെ കര്‍മകാണ്ഡം വിജയകരമായി പൂര്‍ത്തിയാക്കിയാണ് വിടവാങ്ങിയത്.അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ കൗശലങ്ങളെ അദ്ദേഹം ചെറുത്ത് തോല്‍പ്പിച്ചു. അമേരിക്കന്‍ സാമ്രാജ്യത്തിന് മുന്നില്‍ അദ്ദേഹം ഒരുകാലത്തും മുട്ടുമടക്കിയില്ലെന്നും വി.എസ് അനുസ്മരിച്ചു.