ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു

ഹവാന:ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ (90)അന്തരിച്ചു.വര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു. 1926 ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറന്‍ എന്ന സ്ഥലത്താണ് ഫിഡല്‍ കാസ്‌ട്രോ ജനിച്ചത്. ഫിഡല്‍ അലെജാന്‍ഡ്രോ കാസ്‌ട്രോ റൂസ് എന്നാണ് മുഴുവന്‍ പേര്. പിതാവ് സ്‌പെയിന്‍കാരനായ ഏഞ്ചല്‍ കാസ്‌ട്രോ. മാതാവ് ക്യൂബക്കാരിയായ ലിനാറുസ് ഗോണ്‍സാലസ്. കാസ്‌ട്രോയുടെ പ്രാഥമിക വിദ്യാഭ്യാസം സാന്റിയാഗോ ദെ ക്യൂബയിലെ കത്തോലിക്കാ സ്‌കൂളിലായിരുന്നു. ഹവാനയിലെ ബേലെന്‍ സ്‌കൂളില്‍നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിയമപഠനത്തിനായി 1945ല്‍ ഹവാന യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1950ല്‍ നിയമബിരുദം കരസ്ഥമാക്കിയതിനുശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. എന്നാല്‍ രാഷ്ട്രീയത്തോടും വിപ്ലവപ്രവര്‍ത്തനങ്ങളോടുമായിരുന്നു കാസ്‌ട്രോക്ക് ആഭിമുഖ്യം. അദ്ദേഹം സോഷ്യല്‍ ഡെമോക്രാറ്റിക് ഓര്‍ത്തഡോക്‌സ് പാര്‍ട്ടിയില്‍ അംഗത്വം നേടി. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലെത്തിയത്. ചെഗുവേരയ്‌ക്കൊപ്പമായിരുന്നു കാസ്‌ട്രോയുടെ വിപ്ലവ പോരാട്ടം. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ കാസ്‌ട്രോ ശ്രമിച്ചു. ആറുവട്ടം ക്യൂബന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമധികം കാലം രാഷ്ട്രതലവനായ വ്യക്തിയും കാസ്‌ട്രോയാണ്.പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ 2006 ജൂലൈ 31ന് സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് അധികാരം കൈമാറി. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ സെക്രട്ടറിയായിരുന്നു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അധികാരത്തിലേറിയ ശേഷം കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാര സംഘടന പലതവണ  ശ്രമിച്ചിരുന്നു.അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ മാര്‍ച്ചിലെ ചരിത്രപരമായ ക്യൂബന്‍പര്യടനത്തെ തള്ളിപറഞ്ഞും ഫിദല്‍ രംഗത്തെത്തി. അമേരിക്കയുടെ ഒരു ദാനവും തങ്ങള്‍ക്കു വേണ്ട എന്നാണ് കാസ്ട്രോ ഒബാമക്ക് എഴുതിയ തുറന്ന കത്തില്‍ പ്രതികരിച്ചത്. കഴിഞ്ഞ അന്‍പതു വര്‍ഷത്തെ ശത്രുത മറക്കാനാവില്ലെന്ന് കാസ്ട്രോ അന്ന് അടിവരയിട്ട് പറഞ്ഞു. കഴിഞ്ഞതെല്ലാം മറക്കാന്‍ ഒബാമ പറയുമ്പോള്‍ തങ്ങള്‍ എന്താണ് മറക്കേണ്ടതെന്നും കാസ്ട്രോ ചോദിക്കുന്നു. ക്യൂബയ്ക്കു മേല്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ക്യൂബന്‍ ജനതക്ക് മറക്കാനാവില്ല. അമേരിക്കന്‍ വംശീയതയില്‍ നിന്ന് തങ്ങള്‍ മോചനം നേടിയത് വിപല്‍വത്തിലൂടെയാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഫിദല്‍ അവസാനമായി പൊതുവേദിയില്‍ എത്തിയിരുന്നത്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സായിരുന്നു വേദി. ക്യൂബയുടെ രാഷ്ട്രീയം എന്നും നിലനില്‍ക്കുമെന്നായിരുന്നു കാസ്‌ട്രോ അന്ന് പ്രസംഗിച്ചു.

© 2024 Live Kerala News. All Rights Reserved.