അമേരിക്കയുടെ ഔദാര്യം ക്യൂബക്ക് വേണ്ട; ബരാക് ഒബാമയ്ക്ക് ഫിദല്‍ കാസ്‌ട്രോയുടെ കത്ത്

ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തില്‍ മൗനം വെടിഞ്ഞ് ഫിദല്‍ കാസ്‌ട്രോ. അമേരിക്കയുടെ ഔദാര്യം ആവശ്യമില്ലെന്ന് ഫിദല്‍ കാസ്‌ട്രോ പറഞ്ഞു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്രാന്‍മയില്‍ പ്രസിദ്ധീകരിച്ച കത്തിലാണ് ഫിദല്‍ അമേരിക്കക്കെതിരെ രംഗത്തെത്തിയത്. ‘ബ്രദര്‍ ഒബാമ’ എന്ന തലക്കെട്ടിലാണ് കത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഞങ്ങള്‍ക്കാവശ്യമായ ഭക്ഷണവും സമ്പത്തും മറ്റ് വസ്തുക്കളും ഉല്‍പ്പാദിപ്പിക്കാന്‍ ഞങ്ങളുടെ ബുദ്ധിയും അധ്വാനവും കൊണ്ട് കഴിയുന്നുണ്ട്. ക്യൂബന്‍ രാഷ്ട്രീയത്തെക്കുറിച്ച് തത്വങ്ങള്‍ നിര്‍മ്മിക്കാന്‍ ഒബാമ ശ്രമിക്കുന്നില്ലയെന്നാണ് താന്‍ കരുതുന്നതെന്നും ഫിദല്‍ കാസ്‌ട്രോ പറഞ്ഞു. കഴിഞ്ഞ അന്‍പതു വര്‍ഷത്തെ ശത്രുത മറക്കാനാവില്ല. ക്യൂബന്‍ വിപ്ലവത്തിലൂടെ നേടിയെടുക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്ത മഹത്വവും സ്വയം പര്യാപതതയും അടിയറ വയ്ക്കുമെന്ന് കരുതേണ്ടെന്നും ഒബാമയോട് കാസ്‌ട്രോ കത്തില്‍ പറയുന്നു. എല്ല മറക്കാന്‍ ഒബാമ ആവശ്യപ്പെടുന്നു. എന്നാല്‍ തങ്ങള്‍ എന്താണ് മറക്കേണ്ടതെന്നും കാസ്‌ട്രോ കത്തില്‍ ചോദിക്കുന്നു. അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ക്യൂബന്‍ ജനതക്ക് മറക്കാനാവില്ല. അമേരിക്കന്‍ വംശീയതയില്‍ നിന്ന് ക്യൂബ മോചനം നേടിയത് വിപ്ലവത്തിലൂടെയാണെന്നും കാസ്‌ട്രോ കത്തില്‍ ഉണ്ട്.

© 2024 Live Kerala News. All Rights Reserved.