പാട്‌ന:ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. 200 പേര്‍ക്ക് പരിക്കേറ്റു. പാറ്റ്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ മൂന്നോടെ കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പൊക്രയാന്‍ പട്ടണത്തിലാണ് അപകടം.നാല് എ.സി.ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.96 പേരുടെ മൃതദേഹം കണ്ടെടുത്തതായി കാണ്‍പൂര്‍ ഐജി സാക്കി അഹമ്മദ് പറഞ്ഞു. സംഭവസ്ഥലത്തേക്ക് മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കാണ്‍പൂര്‍ എസ്.പിയോട് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും കൂടുതല്‍ വൈദ്യസംഘവും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് തിരിച്ചതായി റെയില്‍വേ വക്താവ് എ. സക്‌സേന അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ പാതയിലൂടെ കടന്നുപോകേണ്ട പല ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്.സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്.പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ അതീവദുഃഖം രേഖപ്പെടുത്തി. റെയില്‍വേ മന്ത്രിയെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.