മദ്യനയം: ബാറുടമകളുടെ ഹര്‍ജി മാറ്റിവെച്ചു

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി മാറ്റിവെച്ചു. ജൂലായ് 28 ലേക്കാണ് കേസ് മാറ്റിയത്.

ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തക്കിയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയാണ് ഹാജരായതെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

സുപ്രീംകോടതിയുടെ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.മൂന്നംഗബെഞ്ചിനു പകരം ജസ്റ്റിസ് അനില്‍ ആര്‍. ദവെയും ജസ്റ്റിസ് ആര്‍.കെ. അഗര്‍വാളുമടങ്ങുന്ന രണ്ടംഗബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.

സംസ്ഥാനസര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതിവിധി ചോദ്യംചെയ്തുള്ള ഹര്‍ജി ഇടക്കാല ഉത്തരവിനായിട്ടാണു മാറ്റിയത്. എന്നാല്‍, ഇടക്കാല ഉത്തരവ് നല്‍കാവുന്ന കേസല്ലിതെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബാര്‍ നടത്തുന്നതിനു നല്‍കിയിരുന്ന ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. ഈ സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കിനല്‍കണമെന്ന ബാറുടമകളുടെ ആവശ്യം നിയമപരമായി നിലനില്‍ക്കില്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഇനി പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് സംസ്ഥാനസര്‍ക്കാറിന്റെ നിലപാട്. അങ്ങനെ വരുമ്പോള്‍ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ഒന്നിനും പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മദ്യനയം രൂപവത്കരിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

 

© 2024 Live Kerala News. All Rights Reserved.