കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ജാമ്യമില്ല.ഡിസംബര്‍ ഒന്ന് വരെ റിമാന്റ് ചെയ്തു. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഇന്ന് രാവിലെ 8 മണിക്കാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സക്കീര്‍ കീഴടങ്ങിയത്. കമ്മീഷണര്‍ ഓഫീസിന്റെ പിന്നിലെ ഗേറ്റിലൂടെ രഹസ്യമായാണ് സക്കീര്‍ കീഴടങ്ങാനെത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു സക്കീര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്. ഒക്ടോബര്‍ 26നാണ് സക്കീറിനെതിരെ കേസെടുത്തത്. കേസെടുത്ത് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് സക്കീര്‍ കീഴടങ്ങുന്നത്.ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് കാക്കനാട് സ്വദേശിയായ വ്യവസായി ജൂബ് പൗലോസ് നല്‍കിയ പരാതിയിലാണു സക്കീര്‍ ഹുസൈനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒളിവിലായിരുന്ന സക്കീറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഗുണ്ടകളെ അടിച്ചമര്‍ത്തുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.