സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി;നടപടി എര്‍ണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേത്

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ  ഒന്നാം പ്രതി സിപിഎം കളമശ്ലേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളിയത്. സക്കീറിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാബന്ധവും ചൂണ്ടിക്കാട്ടിയായിരുന്നു എ.ജിയുടെ വാദം. ഇത് പരിഗണിച്ചാണ് കേടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സക്കീറിനെ ഇന്നലെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് സി.പി.എം നീക്കുകയും ചെയ്തിരുന്നു. ഇതോടെ പൊലീസിനോ കോടതിയിലോ കീഴടങ്ങുക മാത്രമേ സക്കീറിനു മുന്നിലുള്ള ഏക പോംവഴി. സക്കീര്‍ നാടുവിട്ടിട്ടില്ലെന്നും കളമശേരിയില്‍ തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്നും പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യനീക്കത്തില്‍ തന്നെ കുടുക്കില്‍ വീണത് സിപിഎം ഏരിയ സെക്രട്ടറിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. എന്നാല്‍ സക്കീര്‍ ഹുസൈനെ പുറത്താക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടി ജില്ലാ നേതൃത്വവും വിമര്‍ശനം നേരിട്ടിരുന്നു. ഇതോടെയാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സക്കീറിനെ നീക്കാന്‍ തീരുമാനമുണ്ടായത്.

© 2024 Live Kerala News. All Rights Reserved.