സക്കീര്‍ ഹുസൈന്‍ കീഴടങ്ങി;കീഴടങ്ങിയത് സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി;മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് രഹസ്യമായാണ് കീഴടങ്ങിയത്;മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ പോംവഴികളില്ലാതെ കീഴടങ്ങല്‍

കൊച്ചി: വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയും സിപിഎമ്മിന്റെ മുന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്‍ കീഴടങ്ങി.ഗുണ്ടാ കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തി വളരെ നാടകീയമായിട്ടായിരുന്നു സക്കീര്‍ കീഴടങ്ങിയത്. രണ്ടുദിവസമായി സക്കീര്‍ കീഴടങ്ങുമെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ചാണ് സക്കീര്‍ കമ്മീഷണര്‍ ഓഫിസില്‍ കീഴടങ്ങിയത്. കമ്മീഷണറോഫീസിന് മുന്നില്‍ രാവിലെ മുതല്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സക്കീറിനെ കാണുവാനോ, ദൃശ്യങ്ങള്‍ പകര്‍ത്തുവാനോ സാധിച്ചില്ല. എറണാകുളം ബോട്ട് ജെട്ടിയിലെ കമ്മീഷണര്‍ ഓഫിസിലെത്തിയാണ് സക്കീറിന്റെ രഹസ്യ കീഴടങ്ങല്‍. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയ്്ക്കുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് ഇയാള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. സക്കീര്‍ ഹുസൈന്‍ ഇന്ന് കീഴടങ്ങുമെന്ന് സൂചന ഉണ്ടായിരുന്നതിനാല്‍ രാവിലെ മുതല്‍ ഓഫീസിന് മുന്നില്‍ മാധ്യമപ്പട കാത്തു നിന്നെങ്കിലും ആരുമറിയാതെ എത്തിയ സക്കീര്‍ ലിഫ്റ്റ് വഴി 12 ാം നിലയിലുള്ള ഓഫീസിലേക്ക് പോയതായിട്ടാണ് ദൃശ്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്്. സക്കീര്‍ ഹുസൈന്റെ മുഖം മാധ്യമങ്ങളില്‍ വരാതിരിക്കുന്നതിനായി പോലീസ് ശ്രദ്ധ കാട്ടിയെന്നും ഓഫീസിനുള്ളിലേക്ക് മാധ്യമങ്ങളെ കടത്തി വിടാതിരിക്കാന്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും പറയുന്നുണ്ട്.വൈകിട്ട് നാലു മണിക്ക് കോടതിയില്‍ ഹാജരാക്കണമെന്നിരിക്കെ ഇന്ന് രാവിലെ ഒമ്പതിനും പത്തിനും ഇടയില്‍ കീഴടങ്ങാന്‍ സക്കീര്‍ ഹുസൈന്‍ എത്തും എന്നായിരുന്നു വിവരം. എന്നാല്‍ മാധ്യമങ്ങളുടെ എല്ലാം കണ്ണുവെട്ടിച്ച് വളരെ രഹസ്യമായാണ് അറസ്റ്റ്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലൂടെ എത്തി ലിഫ്റ്റ് വഴി മുകളിലേക്ക് പോകുകയായിരുന്നെന്നാണ് വിവരം. അതേസമയം തന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ മാധ്യമങ്ങളെ ഒരു കാരണവശാലും അനുവദിക്കരുതെന്ന് പോലീസിനോട് സക്കീര്‍ ഹുസൈന്‍ പറഞ്ഞിരുന്നതായും ഇക്കാര്യമാണ് പോലീസ് നടപ്പാക്കിയതെന്നുമാണ് വിവരം.

© 2024 Live Kerala News. All Rights Reserved.