നാളെ മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000 രൂപയാക്കി കുറച്ചു;കര്‍ഷകര്‍ക്ക് 25,000 രൂപവരെ പിന്‍വലിക്കാം; വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്നും ശക്തികാന്ത് ദാസ്

ന്യൂഡല്‍ഹി:അസാധുവാക്കല്‍ നടപടിയില്‍ കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍.നാളെ മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്ന പരിധി 4500 രൂപയില്‍ നിന്നും 2000 രൂപയായി വെട്ടിക്കുറച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്.വിവാഹാവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.ഒരേ ആളുകള്‍ വീണ്ടും വീണ്ടും നോട്ട് മാറാനായി എത്തുന്നതിനാല്‍ ക്യൂവില്‍ നില്‍ക്കുന്ന പലര്‍ക്കും കൗണ്ടറില്‍ എത്താന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് മാറ്റിയെടുക്കാവുന്ന തുകയുടെ പരിധി 2000 ആക്കി കുറച്ചതെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് പറഞ്ഞു. അതേസമയം അക്കൗണ്ടുകള്‍ക്ക് പിന്‍വലിക്കുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് വായ്പയായി അനുവദിക്കപ്പെട്ട തുകയില്‍ നിന്നും ആഴ്ചയില്‍ 25,000 രൂപ വരെ പിന്‍വലിക്കാന്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വ്യപാരികള്‍ക്ക് 50,000രൂപവരെ പിന്‍വലിക്കാമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു. കര്‍ഷക വായ്പ്പകളുടേയും ഇന്‍ഷൂറന്‍സിന്റേയും തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 10000 രൂപ വരെ മുന്‍കൂര്‍ ശമ്പളം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നോട്ട് അസാധുവാക്കല്‍ വിഷയം ഇന്ന് ലോക്‌സഭയിലും ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. വിഷയത്തില്‍ രാജ്യസഭ ഇന്നലെ ചര്‍ച്ച ആരംഭിച്ചിരുന്നു. ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. നോട്ട് അസാധുവാക്കാനുള്ള തീരുമാനം ചോര്‍ന്നോ എന്ന് സംയുക്ത പാര്‍ലമെന്ററി സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷം ഇന്ന് പാര്‍ലമെന്ററില്‍ ആവശ്യപ്പെട്ടേക്കും. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ രാജ്യസഭയില്‍ ഇന്നലെ രാവിലെ ആരംഭിച്ച ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും. പ്രധാനമന്ത്രി ഇന്ന് സഭയില്‍ ഹാജരായിരിക്കണം എന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബിആസാദ് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭയിലും നോട്ട് അസാധുവാക്കല്‍ വിഷയം ഇന്ന് ചര്‍ച്ചയ്ക്ക് എടുത്തേക്കും.

© 2024 Live Kerala News. All Rights Reserved.