അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍; അര്‍ജന്റീനയെ തകര്‍ത്തത് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക്; നെയ്മറും കുട്ടിഞ്ഞോയും പൗളിഞ്ഞോയും വിജയശില്‍പികള്‍

ബെലൊ ഹോറിസോണ്ടെ: ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ അര്‍ജന്റീനെ വീഴ്ത്തി ബ്രസീല്‍. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട മെസി തിരിച്ചെത്തിയ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍ (45+), പൗളീഞ്ഞോ (58) എന്നിവരുടെ ഗോളുകളാണ് ബദ്ധവൈരികളായ അര്‍ജന്റീനയ്‌ക്കെതിരെ റാകിപ്പറക്കാന്‍ കാനറികള്‍ക്കു ചിറകു നല്‍കിയത്. ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മെസി തിരിച്ചെത്തിയിട്ടും മികവ് പ്രകടിപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.ലോക ഫുട്‌ബോളിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍, ഒരു ഗോള്‍ നേടിയും മറ്റൊന്നിനു വഴിയൊരുക്കിയും നെയ്മര്‍ മഞ്ഞപ്പടയുടെ സൂപ്പര്‍ ഹീറോയായി. ദേശീയ ജഴ്‌സിയില്‍ നെയ്മറിന്റെ 50ാം ഗോളായിരുന്നു ഇത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ജയം കാണാനാകാതെ പോയതിനു മെസ്സിയുടെ പരുക്കിനെ കുറ്റം പറഞ്ഞ അര്‍ജന്റീനയ്ക്ക്, സൂപ്പര്‍ താരം മടങ്ങിവന്നിട്ടും തോല്‍വിയെ തടുക്കാനായില്ല. സൗഹൃദമല്‍സരങ്ങളുള്‍പ്പെടെ പരസ്പരം മല്‍സരിച്ച 98 മല്‍സരങ്ങളില്‍നിന്ന് 36 വീതം വിജയങ്ങളെന്ന കണക്കും മഞ്ഞപ്പടയുടെ വിജയത്തോടെ അപ്രസക്തമായി. 99ാം മല്‍സരത്തിലെ വിജയത്തോടെ ഒരു വിജയത്തിന്റെ ലീഡ് ഇനി ബ്രസീലിനു സ്വന്തം. ടിറ്റെയെന്ന പരിശീലകനു കീഴില്‍ ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളും ജയിച്ചുകയറിയെന്ന നേട്ടവുമുണ്ട് കൂട്ടിന്. രണ്ടു വര്‍ഷം മുന്‍പ് ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് 71ന് ബ്രസീല്‍ തോറ്റു മടങ്ങിയത് ഇതേ സ്‌റ്റേഡിയത്തിലാണ്. അതിനുശേഷം ഈ സ്‌റ്റേഡിയത്തില്‍ ബ്രസീല്‍ സീനിയര്‍ ടീം പന്തുതട്ടുന്നതു ഇതാദ്യം. പ്രതാപകാലം അസ്തമിക്കുന്നുവെന്നു വിമര്‍ശകരെക്കൊണ്ട് പറയിച്ച ആ തോല്‍വി സമ്മാനിച്ച അതേ സ്റ്റേഡിയത്തില്‍നിന്നു തന്നെയാണ് സമകാലീന ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ഉണര്‍ത്തുപാട്ടെന്ന് ഉറപ്പിക്കാവുന്ന ഈ ജയമെന്നത് ഫുട്‌ബോളിനൊപ്പം എക്കാലവുമുള്ള അനിശ്ചിതത്വത്തിന്റെ നേര്‍ക്കാഴ്ചയുമായി. അര്‍ജന്റീനയ്‌ക്കെതിരായ വിജയത്തോടെ 11 കളികളില്‍നിന്ന് ഏഴു വിജയമുള്‍പ്പെടെ 24 പോയിന്റുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇത്രതന്നെ മല്‍സരങ്ങളില്‍നിന്ന് 16 പോയിന്റുള്ള അര്‍ജന്റീന ആറാം സ്ഥാനത്ത് തുടരുന്നു. ആദ്യ നാലു സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് വന്‍കരാ പ്ലേ ഓഫ് കളിച്ച് യോഗ്യതയ്ക്കായി ശ്രമിക്കാം. യോഗ്യത മത്സരത്തിലെ ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 16 പോയിന്റ് നേടിയ അര്‍ജന്റീന ആറാം സ്ഥാനത്താണ്. 24 പോയിന്റുമായി ആതിഥേയരായ ബ്രസീലാണ് ഗ്രൂപ്പില്‍ മുന്നില്‍.

© 2024 Live Kerala News. All Rights Reserved.