വിജയ് മല്യ അടക്കം 60 കുറ്റവാളികളെ വിട്ടുതരണമെന്ന് ബ്രിട്ടനോട് ഇന്ത്യ;ഭീകരവാദത്തിനെതിരേയും രാജ്യ സുരക്ഷയ്ക്കായും ഇരുരാജ്യങ്ങളും കൈകോര്‍ക്കും

ന്യൂഡല്‍ഹി: ബ്രിട്ടനിലേക്കു കടന്ന വ്യവസായി വിജയ് മല്യ അടക്കം 60 കുറ്റവാളികളെ വിട്ടുതകണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ഇന്ത്യ തിരയുന്ന 60 പേരുടെ പട്ടിക തെരേസ മേയും നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ കൈമാറി. വിവാദ വ്യവസായി വിജയ് മല്യ, ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിന്റെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിള്‍ എന്നിവരെയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടുന്‍ തിരയുന്ന 17 കുറ്റവാളികളുടെ പേരും പട്ടികയിലുണ്ട്. ഭീകരത, സംഘടിത കുറ്റകൃത്യങ്ങള്‍, വീസ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച നടത്താന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ധാരണയായി. നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ കുറ്റവാളികളെ അനുവദിക്കില്ലെന്നും വിട്ടുകിട്ടല്‍ അഭ്യര്‍ഥനകള്‍ വേഗത്തില്‍ നടപ്പിലാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഭീകരവാദത്തിനെതിരേയും രാജ്യ സുരക്ഷയ്ക്കായും ഇരുരാജ്യങ്ങളും കൈകോര്‍ക്കും. ഇരു രാജ്യത്തിന്റേയും പ്രധാനമന്ത്രിമാര്‍ തിങ്കളാഴ്ച ചേര്‍ന്ന ഉച്ചകോടിയിലാണ് തീരുമാനമായത്. ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ച അടുത്ത വര്‍ഷം മുതലാണ് ആരംഭിക്കുന്നത്. ഭീകരപ്രവര്‍ത്തിന് പിന്തുണ നല്‍കുന്നവര്‍ക്കും ഭീകരതയ്ക്ക് താവളമൊരുക്കുന്നവര്‍ക്കും എതിരെ ശക്തമായ നടപടി വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പത്താന്‍കോട്ട്, മുംബൈ എന്നീ ഭീകരാക്രമണം നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന് ഇരു രാജ്യത്തിന്റെയും പ്രധാനമന്ത്രിമാര്‍ പാകിസ്താനോട് ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.