ക്ഷേത്രമുറ്റത്ത് ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച്; ഭക്തര്‍ ദുരിതത്തിലായി;പ്രതിഷേധവുമായി വിശ്വാസികള്‍

കാസര്‍ഗോഡ്: ക്ഷേത്രമുറ്റത്ത് ആര്‍എസ്എസ് നടത്തിയ റൂട്ട് മാര്‍ച്ചിനെ തുടര്‍ന്ന് ദുരിതത്തിലായി ഭക്തര്‍. റൂട്ട് മാര്‍ച്ചിനെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് കടക്കാന്‍ സാധിക്കാതിരുന്ന സ്ത്രീകളടക്കമുള്ള ഭക്തര്‍ പരാതിയുമായി ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും സമീപിക്കുന്നു. കാസര്‍കോട് നഗരത്തിലെ മല്ലികാര്‍ജുന ക്ഷേത്ര മുറ്റത്താണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്തിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമുറ്റത്ത് നടന്ന റൂട്ട മാര്‍ച്ചില്‍ ഇരുന്നൂറോളം ആര്‍എസ്എസ്സ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഒരു ക്ഷേത്രത്തിലെയും ആരാധന ക്രമങ്ങളെ ബാധിക്കുന്ന വിധം ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നില്ല എന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നിനിടെയാണ് വിശ്വാസികളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് കാസര്‍ഗോഡെ മല്ലികാര്‍ജുന ക്ഷേത്രമുറ്റത്ത് ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് നടത്തിയത്. നഗരത്തില്‍ നടന്ന റൂട്ട് മാര്‍ച്ചിന്റെ ഒരുക്കത്തിനു വേണ്ടിയും മാര്‍ച്ച് ആരംഭിക്കുന്നതിനു വേണ്ടിയുമാണ് അതിരാവിലെ തന്നെ നൂറ് കണക്കിന് വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ എത്തിയത്. നഗരം ചുറ്റി പ്രകടനം നടത്തിയ ശേഷം ഇതിന്റെ സമാപനം ക്ഷേത്രമുറ്റത്തായിരുന്നു. അതിനു ശേഷം ക്ഷേത്രമുറ്റത്ത് പ്രവര്‍ത്തകരുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. ഈ പ്രകടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് എത്തിയ പലര്‍ക്കും അകത്തേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയായി.

© 2024 Live Kerala News. All Rights Reserved.