പാലക്കാട് : ജില്ലയിൽ എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു. ഇരുചക്ര വാഹനങ്ങളിലെ യാത്രയ്ക്കും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം അക്രമ സംഭവങ്ങളുടെ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് 3.30ന് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. യോഗത്തിന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ബിജെപി പ്രതിനിധികളും പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.