എന്‍ഡിടിവിക്ക് പുറമെ ന്യൂസ് ടൈം അസം ചാനലിനും ഒരു ദിവസത്തെ സംപ്രേക്ഷണ വിലക്ക്;നടപടി പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിച്ചതിന്

ന്യൂഡല്‍ഹി : എന്‍ഡിടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലിന് പിന്നാലെ ന്യൂസ് ടൈം അസം ചാനലിനും കേന്ദ്ര സര്‍ക്കാര്‍ വിലക്ക്.  ഒരു ദിവസത്തെ വിലക്കാണ് ‘ന്യൂസ് ടൈം അസം’ എന്ന വാര്‍ത്താചാനലിന് വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്ത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒന്നിലധികം തവണ ലംഘിച്ചതിനാണ് കാണിച്ചാണ് നടപടി.നവംബര്‍ ഒമ്പതിന് ന്യൂസ് ടൈം അസം ചാനലിന്റ സംപ്രേഷണം നിര്‍ത്തിവെക്കാനാണ് വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിച്ചതിന്റെ പേരിലാണ് അസം വാര്‍ത്താ ചാനലിനെതിരെ നടപടി. പരിപാടിയിലൂടെ കുട്ടിയുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും കളങ്കമുണ്ടായെന്നു മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ചാനലിന് 2013 ഒക്ടോബറില്‍ ഷോക്കോസ് നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന്, ചാനലിന്റെ വിശദീകരണം കേട്ടതിനു ശേഷമാണ് ഒരു ദിവസത്തെ നിരോധനത്തിന് ശുപാര്‍ശ ചെയ്തത്. പത്താന്‍കോട്ട് സൈനികത്താവളത്തില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് എന്‍ഡിടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലിന് ഒരു ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ക്കിടയിലാണ് മറ്റൊരു വാര്‍ത്താ ചാനലിനുകൂടി കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

© 2024 Live Kerala News. All Rights Reserved.