അമേരിക്കന്‍ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്;അല്‍ഖ്വയ്ദ ആക്രമണത്തിന് സാധ്യത;തെരഞ്ഞെടുപ്പിനു രണ്ടുദിവസം മാത്രം ശേഷിക്കെയാണ് ഭീകരാക്രമണ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനു രണ്ടുദിവസം മാത്രം ശേഷിക്കെ അമേരിക്കന്‍ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ നഗരങ്ങളില്‍ അല്‍ഖ്വയ്ദ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജീനിയ എന്നീ നഗരങ്ങളുടെ ഭരണസിരാ കേന്ദ്രങ്ങള്‍ക്ക് ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കി. പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അല്‍ഖ്വയ്ദ ഏതൊക്കെ സ്ഥലങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെന്നും എന്നാല്‍ അധികൃതര്‍ക്ക് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഏതെല്ലാം സ്ഥലങ്ങളില്‍ ആക്രമണം നടക്കും എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും ഇന്റലിജന്‍സ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഉടനടി ഒരു പ്രതികരണത്തിന് എഫ്ബിഐ തയ്യാറായിട്ടില്ല. പക്ഷേ, ഏതു സാഹചര്യം നേരിടുന്നതിനും യുഎസ് ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും തയ്യാറാണെന്ന് എഫ്ബിഐ അറിയിച്ചു. നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.

© 2024 Live Kerala News. All Rights Reserved.