വടക്കാഞ്ചേരി കേസില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി ബാലന്‍;ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും മന്ത്രി; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: വടക്കാഞ്ചേരി സിപിഎം കൗണ്‍സിലറും സുഹൃത്തുക്കളും ഉള്‍പ്പെട്ട വീട്ടമ്മയെ ബലാത്സം ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന മന്ത്രി എ കെ ബാലന്‍. ഗുരുവായൂര്‍ എസിപി പി എ ശിവദാസന്റെ നേതൃത്വത്തില്‍ കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് ഗൗരവമായി മുമ്പോട്ടു പോകുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണും.ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ എഡിജിപിയെ വച്ച് അന്വേഷിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അനില്‍ അക്കരെയായിരുന്നു അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യുവതി മുഖ്യമന്ത്രിക്ക് രണ്ടുമാസം മുമ്പ് തന്നെ പരാതി നല്‍കിയിരുന്നതാണെന്നും നടപടിയുണ്ടായില്ലെന്നും പറഞ്ഞു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ ഇടപെട്ടെന്നും പോലീസിന്റെ ഒത്താശയുണ്ടായെന്നും അനില്‍ അക്കരെ പറഞ്ഞു.വടക്കാഞ്ചേരി ബലാത്സംഗക്കേസില്‍ പ്രതികള്‍ സ്വന്തം പാര്‍ട്ടിക്കാരായതു കൊണ്ട് മുഖ്യമന്ത്രി കുറ്റകരമായ മൗനം അവലംബിക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതികള്‍ സിപിഎം കാരായാല്‍ ഒരു കേസും തെളിയില്ലെന്നും രമേശ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.