കൂട്ടബലാത്സംഗം; പേരുകള്‍ വെളിപ്പെടുത്തി യുവതി; പീഡിപ്പിച്ചത് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായ പി.എന്‍ ജയന്തന്‍ അടക്കം മൂന്നുപേര്‍;പൊലീസ് സ്റ്റേഷനില്‍ നിന്നുണ്ടായത് മോശം അനുഭവം

തിരുവനന്തപുരം:പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ പേരുകള്‍ യുവതി  പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി . വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വാര്‍ഡ് കൗണ്‍സിലറായ പി.എന്‍ ജയന്തന്‍ അടക്കം മൂന്ന് പേര്‍ പീഡിപ്പിച്ചു. ജയന്തന്റെ സഹോദരനായ ജിതേഷ്, ബിനീഷ്, ഷിബു എന്നിവരും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഇന്നലെയാണ് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുളള വിവരങ്ങള്‍ പുറത്തുവിട്ടത്.പരാതിക്കാരായ യുവതിയും ഭര്‍ത്താവും മുഖം മറച്ചാണ് പത്രസമ്മേളനത്തിനെത്തിയത്.ഒരുപാട് മാനസിക പീഡനമേറ്റിട്ടുളളത് കൊണ്ടാണ് ഇതിന്റെ പേരില്‍ മുഖം മറയ്ക്കുന്നതെന്നും സാഹചര്യങ്ങള്‍ ഉള്‍ക്കൊളളണ്ണമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.  പോലീസില്‍ പരാതി നല്‍കിയപ്പോള്‍ വളരെ മോശമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചതെന്നും മൊഴിമാറ്റിപ്പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞു. എല്ലാവരും നോക്കിനില്‍ക്കേയാണ് തന്നെ തെളിവെടുപ്പിന് കൊണ്ടുപോയതെന്നും തങ്ങളെ വെറും പട്ടികളെപ്പോലെയാണ് പൊലീസുകാര്‍ കണ്ടതെന്നും യുവതി പറയുന്നു. ദയവ് ചെയ്ത് ഈ വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേസുമായി മുന്നോട്ടുപോകാന്‍ മാനസികമായി പ്രയാസമുണ്ടെന്നും യുവതി പറയുന്നു. ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി ഇന്നലെയാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. പരാതി നല്‍കിയ സ്ത്രീയെ പൊലീസ് അപമാനിച്ചതായും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന ഒരു ദിവസം ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കള്‍ വന്ന് സ്ത്രീയോട് ഭര്‍ത്താവിന് ചെറിയൊരു പ്രശ്‌നമുണ്ടെന്നും ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്നും പറയുകയായിരുന്നെന്നും പരിചയക്കാരായിരുന്നതിനാല്‍ അവരോടൊപ്പം ചെന്ന സ്ത്രീയെ കയ്യേറ്റം ചെയ്തതിനൊപ്പം നഗരത്തില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു. വീഡിയോ എടുത്തിട്ടുണ്ടെന്നും സംഭവം പുറത്തു പറഞ്ഞാല്‍ പിന്നെ എന്തുണ്ടാകുമെന്ന് അറിയാമല്ലോ എന്നും ഇവര്‍ സ്ത്രീയെ ഭീഷണിപ്പെടുത്തിയതായും ഇതിലൊരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ ഉന്നതനുമാണെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.