മലപ്പുറത്തുണ്ടായ സ്‌ഫോടനം ആവര്‍ത്തിക്കുമെന്ന് ഭീഷണി;പെന്‍ഡ്രൈവില്‍ മുന്‍പ് നടന്ന സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങള്‍; അന്വേഷണത്തിന് എന്‍ഐഎയും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസും

മലപ്പുറം: സ്‌ഫോടനം നടന്ന മലപ്പുറം കലക്ടറേറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെന്‍ഡ്രൈവില്‍ മുന്‍പു നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളാണ് ഉള്ളതെന്ന് ഐജി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. മലപ്പുറത്തും കൊല്ലത്തും ഉണ്ടായ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്നും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നു.മലപ്പുറം കലക്ടറേറ്റിലെത്തി പരിശോധന നടത്തിയശേഷമാണ് ഐജി ഈ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മലപ്പുറം കലക്ടറേറ്റിനോടു ചേര്‍ന്നുള്ള ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ മുറ്റത്താണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്. പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന കാറിനു താഴെ വച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിനു സമീപത്തുനിന്നും ‘ദ് ബേസ് മൂവ്‌മെന്റ്’ എന്നു പേരെഴുതിയ കടലാസു പെട്ടി പൊലീസിനു ലഭിച്ചിരുന്നു. ഇതിനകത്തുനിന്നും ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തു. ഇന്ത്യയുടെ പൂര്‍ണഭൂപടവും ലഘുലേഖയുടെ ഒരുമൂലയിലായി ഒസാമ ബിന്‍ ലാദന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ടായിരുന്നു. കേസ് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. നര്‍ക്കോട്ടിക്െസല്‍ ഡിവൈഎസ്പി പി.ടി.ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുക. എന്‍ഐഎ ഉദ്യോഗസ്ഥരും അന്വേഷണത്തിനായി മലപ്പുറത്തെത്തി. ഡിവൈഎസ്പി വി.അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘമാണ് അന്വേഷണത്തിനെത്തിയത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പൊലീസ് സംഘങ്ങളും അന്വേഷണത്തിനെത്തും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടേയും കോടതികളുടേയും സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തീരുമാനിക്കാന്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

© 2024 Live Kerala News. All Rights Reserved.