മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട കാറില്‍ പൊട്ടിത്തെറി;സ്‌ഫോടനം ഹോമിയോ ഡിഎംഒയുടെ കാറില്‍; രണ്ടു കാറുകളുടെ ചില്ലു തകര്‍ന്നു; ബോബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

മലപ്പുറം: ജില്ലാ ഫ്‌സ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഹോമിയോ ഡിഎംഒയുടെ വാഹനത്തിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ടയറുകള്‍ പഞ്ചറായി. തൊട്ടടുത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ലു തകര്‍ന്നു. ഉച്ചയ്ക്ക് ഒന്നോടെയാണു പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിനു ശേഷം കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നതായി കോടതി പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത് തൊണ്ടിമുതലായി സൂക്ഷിച്ച ഒരു വാഹനം പരിസരത്തുണ്ട്. ഏറെനാളായി ഇവിടെ കിടക്കുന്ന ഈ വാഹനം പരിശോധിക്കാന്‍ ഒരുങ്ങുകയാണു പൊലീസും ഫയര്‍ഫോഴ്‌സും. ഡിവൈഎസ്പി പി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. സ്‌ഫോടനം ബോധപ്പൂര്‍വ്വമുള്ള ശ്രമമാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ ഉണ്ടായതിന് സമാനമായ സ്‌ഫോടനം തന്നെയാണ് മലപ്പുറത്തും ഉണ്ടായിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു. അഗ്‌നിശമന സേനയും ഡോഗ് സ്‌ക്വാഡുമടക്കം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. അതേസമയം  ലഘുലേഖകള്‍ അടങ്ങിയ ഒരു പെട്ടിയും പെന്‍ഡ്രൈവും സംഭവസ്ഥലത്ത് നിന്ന്‌ കിട്ടിയിട്ടുണ്ട്. ബെയ്‌സ് മൂവ്‌മെന്റ് എന്നാണ് പെട്ടിക്ക് പുറത്ത് എഴുതിയിരിക്കുന്നത്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്‌.

 

© 2024 Live Kerala News. All Rights Reserved.