മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ഇന്നെത്തും; മൈസൂര്‍ സ്‌ഫോടനം അന്വേഷിക്കുന്ന സംഘവും മലപ്പുറത്ത് എത്തും; പെന്‍ഡ്രൈവും ലഘുലേഖകളും പരിശോധിക്കും

മലപ്പുറം : മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ കുറ്റാന്വേഷണ വിഭാഗം (എന്‍ഐഎ )ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി മുന്നോട്ട് നീങ്ങൂമ്പോഴാണ് എന്‍ഐഎ സംഘവും പരിശോധനയ്ക്കായി എത്തുന്നത്. ഇന്ന് രാവിലെ കളക്ട്രറ്റില്‍ എത്തുന്ന എന്‍ഐഎ സംഘം സ്‌ഫോടനവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടത്തും.സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവും ലഘുലേഖകളും സംഘം പരിശോധിക്കും. എന്‍ഐഎ സംഘത്തിനൊപ്പം മൈസൂര്‍ സ്‌ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ വിഭാഗവും മലപ്പുറത്ത് തെളിവെടുപ്പിനായി എത്തുന്നുണ്ട്. രണ്ടു സ്‌ഫോടനങ്ങളും തമ്മിലുള്ള താരതമ്യമാണ് പ്രധാനമായും പഠിക്കുന്നത്. സംഭവ സ്ഥലത്തുനിന്നും കിട്ടിയ പെന്‍ഡ്രൈവിനെയും ലഘുലേഖയെയും കേന്ദ്രീകരിച്ചാണ് സംസ്ഥാന പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പെന്‍ഡ്രൈവിലെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലം കളക്‌ട്രേറ്റിലുണ്ടായതിന് സമാനമായ സ്‌ഫോടനമാണ് ഇതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി മാവോ ബന്ധമുള്ളവരും ഇസഌമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളവരുമായ ഏതാനും പേരെ പൊലീസ് മലപ്പുറം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ നിന്നുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ ഇന്ന് കലക്‌ട്രേറ്റില്‍ എല്ലാ വകുപ്പുകളിലേയും എല്ലാ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാവിലെ 11 മണിയോടെ യോഗം തുടങ്ങും.

© 2024 Live Kerala News. All Rights Reserved.