ഭോപാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍; വെടിവെച്ച പൊലീസുകാരേയും ഉത്തരവിട്ടവരേയും വധശിക്ഷ നല്‍കണമെന്ന് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരുടെ വധം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന പോലീസുകാരെ മാത്രമല്ല ഇതിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വധശിക്ഷയ്ക്ക് വിധിക്കണെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഭോപ്പാലിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് മനസ്സിലാകുന്നത്. അതിന് ഉത്തരവാദികളായ എല്ലാവര്‍ക്കും, വെടിവെച്ച പൊലീസുകാര്‍ക്ക് മാത്രമല്ല, അതിന് ഉത്തരവിട്ട രാഷ്ട്രീയക്കാര്‍ക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ നല്‍കണം.രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തില്‍ നാസികളെ ജൂതവംശഹത്യക്ക് വിചാരണ ചെയ്ത ന്യൂറാംബര്‍ഗ് വിചാരണയില്‍ കുറ്റവാളികള്‍ വാദിച്ചത് അവര്‍ ഉത്തരവ് അനുസരിക്കുക മാത്രമായിരുന്നു എന്നാണ്, പക്ഷെ ഈ വാദം നിരാകരിക്കപ്പെട്ടു, പലര്‍ക്കും വധശിക്ഷ ലഭിച്ചു. കൊലപാതകവാസനയുള്ള പോലീസുകാര്‍ മനസ്സിലാക്കണം, നിരപരാധികളെ ‘ഏറ്റുമുട്ടലില്‍’ കൊന്നു അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല എന്ന്; തൂക്ക് മരം അവരെ കാത്തിരിക്കുന്നു എന്നും.’ കട്ജു പറഞ്ഞു. ഭോപാലിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടും കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. എട്ട് സിമി പ്രവര്‍ത്തകരെയും ഇന്നലെ രാവിലെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. ജയില്‍ചാടിയ ഇവരെ എയിന്ത്‌കേദിയില്‍ വച്ച് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീിന്റെ അവകാശവാദം.

© 2024 Live Kerala News. All Rights Reserved.