കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നു; സംസ്ഥാനത്ത് ആറ് മാസത്തിനിടെ 910 ബലാത്സംഗ കേസുകള്‍; ആകെ 7909 പീഡന കേസുകള്‍; മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍

കൊച്ചി: കേരളത്തില്‍ ആറ് മാസത്തിനിടെ 910 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ മൊത്തം 7909 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം ദിനം പ്രതി വര്‍ധിച്ചുവരുന്നുവെന്നാണ് പൊലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലെ കേസുകളുടെ എണ്ണം വ്യക്തമാകുന്നത്. 2016 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കാണിത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത 7909 കേസുകളില്‍ 2332 കേസുകള്‍ പീഡനശ്രമത്തിന് രജിസ്റ്റര്‍ ചെയ്തതാണ്. പൂവാലന്മാര്‍ക്കെതിരെ 190 കേസുകളും 78 തട്ടിക്കൊണ്ടുപോകല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗ കുറ്റത്തിന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് ആകെ 1263 കേസുകളാണ്. എന്നാല്‍ ഇക്കുറി ഇത് ആറ് മാസത്തിനിടെ തന്നെ 900 കടന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 861 കേസുകള്‍. ഇതില്‍ 106 കേസുകള്‍ ബലാത്സംഗ കുറ്റത്തിനാണ്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 78 കേസുകളാണ് ബലാത്സംഗത്തിന് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. എറണാകുളത്ത് 64 കേസുകളുമുണ്ട്. പീഡനശ്രമങ്ങളിലും മലപ്പുറത്താണ് കൂടുതല്‍ കേസുകള്‍. 160 കേസുകള്‍ പീഡനശ്രമത്തിനും ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നുമുള്ള അതിക്രമങ്ങള്‍ക്ക് 266 കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.