കശ്മീരില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും അക്രമം;ഒരു ദിവസത്തിനിടെ അജ്ഞാതര്‍ അഗ്‌നിക്കിരയാക്കിയത് മൂന്ന് സ്‌കൂളുകള്‍

അനന്ത്‌നാഗ്: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ തീവെക്കുന്നത് തുടരുന്നു. ഇന്നലെ മാത്രം മൂന്ന് സ്‌കൂളുകളാണ് തീയിട്ട് നശിപ്പിച്ചത്. അജ്ഞാതരായ ഒരുസംഘം ആളുകളാണ് സ്‌കൂളുകള്‍ അഗ്നിക്കിരയാക്കിയത്.അനന്ത്‌നാഗിലെ സര്‍ക്കാര്‍ സ്‌കൂളാണ് അഗ്നിക്കിരയാക്കപ്പെട്ട ഒരു സ്‌കൂള്‍. പ്രക്ഷോഭത്തെ തുടര്‍ന്ന് കലുഷിതമായ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 25ഓളം സ്‌കൂളുകളാണ് അജ്ഞാതരായ അക്രമികള്‍ അഗ്‌നിക്കിരയാക്കിയത്.ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചെങ്കിലും സ്‌കൂള്‍ ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാത്രി ഐഷ്മുഖാമിലെ ജവഹര്‍ നവോദയ വിദ്യാലയം തിയിട്ട് നശിപ്പിച്ചിരുന്നു. രണ്ട് സംഭവങ്ങളിലും ഉത്തരവാദികളെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് ജൂലൈ എട്ട് മുതല്‍ കശ്മീരില്‍ തുടരുന്ന പ്രക്ഷോഭവും നിരോധനാജ്ഞയും കാരണം സംസ്ഥാനത്ത് നാല് മാസത്തോളമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. പ്രക്ഷോഭകാരികളെ തുരത്താന്‍ സൈന്യം നടത്തിയ വെടിവെപ്പിലും പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലും 100ഓളം പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും കൂടുതല്‍ പേര്‍ സ്‌കൂള്‍കുട്ടികളാണ്.

© 2024 Live Kerala News. All Rights Reserved.