നന്മയുടെ പ്രകാശം വിതറി ഇന്ന് ദീപാവലി

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഈ ആഘോഷങ്ങള്‍ക്ക് പിറകില്‍ നിരവധി ഐതിഹ്യങ്ങളുണ്ടെങ്കിലും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഹ്ലാദ സൂചകമായാണ് ഹൈന്ദവര്‍ ദീപാവലി ആഘോഷിച്ചു വരുന്നത്.ഒരു കാലത്ത് തമിഴ്‌നാട്ടിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രം ആഘോഷിച്ചിരുന്ന ദീപാവലി പിന്നീട് കേരളീയരുടെ മറുനാടന്‍ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതായി മാറുകയായിരുന്നു. കാര്‍ത്തിക മാസത്തില്‍ കറുത്തപക്ഷത്തിലെ ത്രയോദശി മുതല്‍ വെള്ളുത്തപക്ഷത്തിലെ ദ്വിതീയ നാള്‍വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും അധിഷ്ഠിതമാണ് ഈ ഉത്സവം. തിന്മയെ അകറ്റി നന്മയെ കുടിയിരുത്തുക എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളും നാടും നഗരവുമൊക്കെ ദീപോത്സവത്തില്‍ ദീപ്തമാകുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെല്ലാം തന്നെ ധര്‍മപാലനത്തില്‍ അധിഷ്ഠിതമാണ്. കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും അല്പം വ്യത്യസ്ഥമാണ് തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലും രീതികള്‍. കേരളത്തില്‍ കാര്‍ത്തിക വിളക്കിന്റെ പ്രതീതിയാണ് ദീപാവലി നല്‍കുന്നത്.  ആദ്യകാലങ്ങളില്‍ ബനിയ ജാതിക്കാരുടെ മാത്രം ഉത്സവമായി കണ്ടിരുന്ന ദീപാവലി ഇന്ന് ഏവരുടെയും ഉത്സവമാണ്. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്. മണ്‍ ചിരാതുകള്‍ കൊളുത്തിയും, പടക്കങ്ങള്‍ പൊട്ടിച്ചും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു വിശ്വാസികള്‍ ദീപാവലി ആഘോഷിച്ചുവരുന്നത്.

© 2024 Live Kerala News. All Rights Reserved.