ചാരപ്രവൃത്തി; പാക് നയതന്ത്ര ഉദ്യോഗസ്ഥന് ഇന്ത്യ വിടാന്‍ നിര്‍ദേശം; രണ്ടുപേര്‍ കൂടി പിടിയില്‍; ചോര്‍ത്തിയത് ബിഎസ്എഫ് രഹസ്യങ്ങള്‍

ന്യൂഡല്‍ഹി: പ്രതിരോധ രേഖകള്‍ ചോര്‍ത്തിയ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാന്‍ നിര്‍ദേശം. ഡല്‍ഹി ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത മെഹ്മൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനോട് 48 മണിക്കൂറിനകം രാജ്യം വിടാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര പരിരക്ഷ ഉള്ളതിനാലാണ് മെഹ്മൂദിനെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചിരിക്കുന്നത്. മെഹ്മൂദ് അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പാക് ഹൈ കമ്മിഷണറെ അറിയിച്ചു. അതേസമയം മെഹ്മൂദ് അക്തറിന് പ്രതിരോധ രേഖകള്‍ ചോര്‍ത്തി നല്‍കിയ രണ്ടു പേരെ രാജസ്ഥാനില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍, സുഭാഷ് ജാംഗിര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.അക്തറിന്റെ കയ്യില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിക്കുന്ന സുപ്രധാന രേഖകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. അതിര്‍ത്തി പ്രദേശങ്ങളുടെ മാപ്പുകളും ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസവും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നതായാണ് വിവരം. മെഹ്മൂദ് അക്തര്‍ ഉള്‍പ്പെടെ ഇപ്പോള്‍ പിടിയിലായ മൂന്നു പേരെയും ആറു മാസമായി നിരീക്ഷിച്ചു വരികയായിരുന്നെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ ഒന്നര വര്‍ഷമായി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്നും മുതിര്‍ന്ന ്വാലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെഹ്മൂദ് അക്തര്‍ പാക് സൈന്യത്തില്‍ ഹവീല്‍ദാര്‍ ആയിരുന്നെന്നും ഇയാളെ പിന്നീട് പാക് ചാര സംഘടനയായ ഐഎസ്‌ഐ എടുക്കുകയായിരുന്നെന്നും ്വാലീസ് പറയുന്നു. പാക് ഹൈ കമ്മിഷനില്‍ വിസ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2015 നവംബറില്‍ ഇന്ത്യ അഞ്ച് പാക് ചാരന്‍മാരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് ഇന്ത്യയിലെ ചാരപ്രവര്‍ത്തനത്തില്‍ പാക് ഹൈകമ്മിഷനില്‍ ഉള്ളവര്‍ക്കും പങ്കുണ്ടെന്ന വിവരം ഇന്റലിജന്‍സിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാക് ഹൈ കമ്മിഷനിലെ ചിലര്‍ നിരീക്ഷണത്തിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.