ചാരപ്രവൃത്തിയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ പിടിയില്‍; പ്രതിരോധ രേഖകള്‍ കണ്ടെടുത്തെന്ന് പൊലീസ്;പാക് ഹൈക്കമ്മീഷന്‍ ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പ്രതിരോധ രേഖകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫിസിലെ സ്റ്റാഫായ മെഹമൂദ് അക്തറിനെയാണ് ഡല്‍ഹി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മെഹ്മൂദ് അക്തര്‍ എന്ന പാക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൈയില്‍ നിന്നും പ്രതിരോധ രേഖകള്‍ പിടികൂടിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈനികവിന്യാസം സംബന്ധിച്ച മാപ്പുകള്‍ അടക്കമുള്ള രേഖകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.ചാണക്യപുരി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ഇപ്പോള്‍ ഉളളതെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. പാക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ഇന്ന് 11.30ന് ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനു വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു.  അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരില്‍ ഒരാള്‍ ഒരു പാക് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ആ ഉദ്യോഗസ്ഥന്‍ അക്തര്‍ ആണെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.