കശ്മീരില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ കത്തിക്കുന്നു;മൂന്ന് മാസത്തിനിടയില്‍ കത്തിച്ചത് 19 സ്‌കൂളുകള്‍

ശ്രീനഗര്‍: കശ്മീരില്‍ മാസത്തിനിടയില്‍ സാമൂഹ്യവിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയത് 19 സ്‌കൂളുകള്‍.ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടത് മുതലാണ് കശ്മീര്‍ അശാന്തമായി തുടങ്ങിയത്. വടക്കാന്‍ കശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലെ സാദര്‍കോട്ട് മിഡില്‍ സ്‌കൂളാണ് ഇന്നലെ അര്‍ദ്ധരാത്രി ചിലര്‍ തീയിട്ടത്. അതേസമയം സ്‌കൂള്‍ കത്തിച്ചതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എല്ലാ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. മൂന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍, എട്ട് ഹൈസ്‌ക്കൂളുകള്‍, ഏഴ് മിഡില്‍, പ്രൈമറി സ്‌കൂള്‍, ഒരു ജവഹര്‍ നവോദയാ വിദ്യാലയം എന്നിവയാണ് തകര്‍ക്കപ്പെട്ടത്. ഈ സ്‌കൂളുകളിലെല്ലാം പഠിച്ചിരുന്നത് 5,000 വിദ്യാര്‍ത്ഥികളായിരുന്നു. അതേസമയം സ്‌കൂളകള്‍ ആക്രമിക്കപ്പെടുന്നത് കശ്മീരില്‍ ഇതാദ്യമല്ല. 1989 ല്‍ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ നൂറ് കണക്കിന് സ്‌കൂളുകളും കോളേജുകളും അജ്ഞാതര്‍ അഗ്‌നിക്കിരയാക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പുന:രുദ്ധാരണം നടത്തുകയും ചെയ്തിരുന്നു. കുള്‍ഗാം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്‌കുളുകള്‍ ആക്രമിക്കപ്പെട്ടത്. രണ്ടു ഹൈസ്‌കൂളും ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളും രണ്ടു മിഡില്‍ സ്‌കൂളും ഒരു ജവഹര്‍ നവോദയ സ്‌കൂളും ഉള്‍പ്പെടെ ആറെണ്ണം കത്തിച്ചു. ബുദ്ഗാമില്‍ മൂന്ന് സ്‌കൂളുകളും ബന്ദിപ്പോര്‍ ബരാമുള്ള എന്നിവിടങ്ങളില്‍ രണ്ടെണ്ണവും ഷോപിയാന്‍, കുപ്‌വാര, അനന്ദനാഗ്, ഗണ്ടേര്‍ബാല്‍, പുല്‍വാമ ജില്ലകളില്‍ ഓരോ സ്‌കൂളുകള്‍ വീതവും തീ വെച്ചു. ഇതില്‍ ഏഴ് സ്‌കൂളുകള്‍ പൂര്‍ണ്ണമായും നശിച്ചപ്പോള്‍ 11 എണ്ണം ഭാഗികമായി തകര്‍ന്നു. ഇതോടെ സ്‌കൂളുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പോലീസുകാരുടെയും നൈറ്റ് വാച്ച്മാന്‍മാരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നത് വരെ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കാശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്‌കൂളുകള്‍ മൂന്ന് മാസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.