രാഷ്ട്രപതിയുടെ ശബളം മൂന്നിരട്ടി വര്‍ധിപ്പിക്കുന്നു; ശമ്പളം 5 ലക്ഷം രൂപ;പെന്‍ഷന്‍ ഒന്നരലക്ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിക്കുന്നു. ഏഴാം ശമ്പള കമ്മീഷന്‍ നിലവില്‍ വന്നതോടെ ക്യാബിനറ്റ് സെക്രട്ടറിക്ക് രാഷ്ട്രപതിയുടേതിനേക്കാള്‍ കൂടിയ ശമ്പളം വന്നതോടെയാണ് രാഷ്ട്രപതിയുടെ ശമ്പളം ഉയര്‍ത്താന്‍ തീരുമാനിച്ചത്. നിലവില്‍ രാഷ്ട്രപതിക്ക് 1.50 ലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷം രൂപയും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് 1.10 ലക്ഷം രൂപയുമാണ് മാസ വേതനം. പുതിയ നിര്‍ദേശപ്രകാരം രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷം രൂപയാണ്. വിരമിക്കുമ്പോള്‍ രാഷ്ട്രപതിക്ക് ഒന്നര ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും. രാഷ്ട്രപതിയുടെ ഭാര്യക്ക് 30,000 രൂപ പ്രതിമാസ ശമ്പളമുള്ള സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ് ജോലിയും ലഭിക്കും. അതേസമയം, ഉപരാഷ്ട്രപതിയുടെ ശമ്പളം 3.50 ലക്ഷം രൂപയുമാകും. ഏഴാം ശമ്പളകമ്മീഷന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാബിനെറ്റ് സെക്രട്ടറിയുടെ ശമ്പളം 2.50 ലക്ഷം രൂപയാണ്. 2008ലാണ് അവസാനമായി രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടെയും ശമ്പളത്തില്‍ വര്‍ധനവുണ്ടായത്. 2008ലും മൂന്നിരട്ടിയാണ് ശമ്പളത്തില്‍ വര്‍ധനവുണ്ടായത്. 2008 വരെ രാഷ്ട്രപതിയുടെ ശമ്പളം 50,000 രൂപയും ഉപരാഷ്ട്രപതിയുടേത് 40,000 രൂപയും ഗവര്‍ണര്‍മാരുടേത് 36,000 രൂപയുമായിരുന്നു.

© 2024 Live Kerala News. All Rights Reserved.