ജേക്കബ് തോമസ് തുടരണമെന്ന് വിഎസ്; ജേക്കബ് തോമസ് മാറണമെന്നത് ബാബുവിന്റെയും മാണിയുടേയും ആഗ്രഹം; വിജിലന്‍സ് ഡയറക്ടറെ പിന്തുണച്ച് വീണ്ടും വിഎസ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന് ആവര്‍ത്തിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ജേക്കബ് തോമസ് മാറണമെന്നത് കെ.എം.മാണിയെയും കെ.ബാബുവിനെയും പോലുള്ളവരുടെ ആവശ്യമാണെന്നും വി.എസ് പറഞ്ഞു.ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലരുടെ ശ്രമം. ചില ഉന്നത ഉദ്യോഗസ്ഥരുടെ കളി തനിക്കെതിരെയുണ്ടെന്ന ജേക്കബ് തോമസിന്റെ വാദം ശരിയാണെന്നും വിഎസ്.ജേക്കബ് തോമസിന്റെ രാജികത്ത് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചിരുന്നില്ല. തീരുമാനമാകുമ്പോള്‍ അറിയിക്കാമെന്നും ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം തങ്ങളുടെ മുന്നില്‍ ഇല്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചതും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ജേക്കബ് തോമസിന്റെ കാര്യത്തില്‍ ഇനി അന്തിമതീരുമാനം കൈക്കൊള്ളുന്നത്.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് നല്‍കിയ കത്തില്‍ ജേക്കബ് തോമസ് പറയുന്നു. കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തുറമുഖ ഡയറക്ടറായിരിക്കെ വിവിധ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷത്തിന്റെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇപി ജയരാജന്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ജേക്കബ് തോമസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ക്ലിഫ് ഹൗസ് പരിസരത്ത് തലയില്‍ മുണ്ടിട്ട് നടക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.