മൂന്നാംവട്ട സംവാദം പൂര്‍ത്തിയായി; ട്രംപ് പുടിന്റെ കളിപ്പാവയെന്ന് ഹിലരി; ഹിലരിയുടെ നികുതി നയം ജനങ്ങള്‍ക്ക് ദോഷമെന്ന് ട്രംപ്; ഇന്ത്യയുടെ വളര്‍ച്ചയും ചര്‍ച്ചയില്‍ ഉദാഹരണം; ഹിലരി തന്നെ മുന്നില്‍

ലാസ് വേഗാസ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ കടുത്ത വാദപ്രതിവാദത്തില്‍ കൊണ്ടും കൊടുത്തും സ്ഥാനാര്‍ഥികളായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും.യുഎസിന്റെ സാമ്പത്തിക സ്ഥിതി, സുപ്രീം കോടതി, വിദേശകാര്യം തുടങ്ങിയ വിഷയങ്ങള്‍ ഈ സംവാദത്തില്‍ ചര്‍ച്ചയായി. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയാണെന്ന് ഹിലരി പറഞ്ഞു. തോക്ക് കൈവശം വെക്കുന്നതിന് പുതിയ നിയമം ആവശ്യമാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ കളിപ്പാവയാണ് ട്രംപ് എന്നും ഹിലരി ആരോപിച്ചു. രാജ്യത്തിന് തുറന്ന അതിര്‍ത്തിയാണ് വേണ്ടതെന്ന ഹിലരിയുടെ നിര്‍ദേശത്തെ ട്രംപ് എതിര്‍ത്തു. അമേരിക്കയ്ക്ക് സുരക്ഷിത അതിര്‍ത്തിയാണ് ആവശ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹിലരി മുന്നോട്ടുവെച്ച നികുതി നിരക്ക് ജനങ്ങളില്‍ നികുതി ഭാരം ഇരട്ടിയായി വര്‍ധിപ്പിക്കും. ഇന്ത്യ ഏഴ് ശതമാനവും ചൈന എട്ട് ശതമാനവും സാമ്പത്തിക വളര്‍ച്ച നേടിയപ്പോള്‍ അമേരിക്ക ഒരു ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. പ്രസിഡന്റായാല്‍ അമേരിക്കയെ കൂടുതല്‍ മികച്ചതാക്കുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ബറാക് ഒബാമയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചെന്നാണ് തന്റെ അഭിപ്രായമെന്ന് ഹിലരി വ്യക്തമാക്കി. അവസരം ലഭിച്ചാല്‍ ജനങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കും. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്ക് യോഗ്യനല്ലെന്നും ഹിലരി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പു വിധി അംഗീകരിക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ ട്രംപ് വിസമ്മതിച്ചു. അതു സമയമാകുമ്പോള്‍ വ്യക്തമാക്കാമെന്നാണു ട്രംപിന്റെ നിലപാട്. അന്തിമ ജനവിധിക്കു മൂന്നാഴ്ചമാത്രം ശേഷിക്കെ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഹിലറിയും പ്രതിച്ഛായ വീണ്ടെടുക്കാന്‍ ട്രംപും കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് മൂന്നാം സംവാദം നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കഴിഞ്ഞ രണ്ടു സംവാദങ്ങളിലും ഹിലരിയാണ് മുന്നിലെത്തിയത്. ഫോക്‌സ് ന്യൂസ് കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയില്‍ ഹിലരി ട്രംപിനെക്കാള്‍ ആറു പോയന്റ് മുന്നില്‍. ഹിലരിക്ക് 49ഉം ട്രംപിന് 42ഉം ശതമാനം വോട്ടാണ് സര്‍വേയില്‍ ലഭിച്ചത്. കഴിഞ്ഞയാഴ്ച ഫോക്‌സ് ന്യൂസ് നടത്തിയ സര്‍വേയിലും ഹിലരി ഏഴു പോയന്റ് മുന്നിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.