കേരളം കടുത്ത വരള്‍ച്ചയിലേക്ക്; പുഴകള്‍ വരണ്ടുണങ്ങിയ അവസ്ഥയില്‍; ഭാരതപ്പുഴ മണല്‍ക്കൂനയായി മാറി

തൃശൂര്‍: കേരളത്തില്‍ മഴ കുറഞ്ഞതോടെ കടുത്ത വരള്‍ച്ചയിലേക്കാണ് പോകുന്നത്. പലയിടങ്ങളിലും പൂര്‍ണ്ണമായും പുഴകള്‍ വരണ്ടുണങ്ങിയ അവസ്ഥയിലാണ്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമാണ് ഭാരതപ്പുഴ.എന്നാല്‍ മഴ കുറഞ്ഞതോടെ ഭാരതപ്പുഴ മണല്‍ക്കൂനയായി മാറിയിരിക്കുന്നു. ജലലഭ്യതയില്ലാത്തതിനാല്‍ കുടിവെള്ള വിതരണപദ്ധതികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. മധ്യകേരളത്തില്‍ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള കൃഷിയും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. മഴയിലുണ്ടായ ഗണ്യമായ കുറവ് പുഴയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. പുഴ വരണ്ടുണങ്ങിയത് കൊണ്ട് ശേഷിക്കുന്നിടത്ത് നീര്‍ച്ചാല്‍ മാത്രമായി ഒഴുകുന്നു ഭാരതപ്പുഴ. ഒട്ടനവധി കുടിവെള്ള പദ്ധതികളാണ് ഭാരതപ്പുഴയെ ആശ്രയിച്ചു നിലനില്‍ക്കുന്നത്. ഷൊറണൂര്‍ചെറുതുരുത്തി മേഖലയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പമ്പ് ഹൗസുകള്‍ക്ക് താഴെ ഗുരുതരമായി മലിനപ്പെട്ട ജലം കൊണ്ടു പോകേണ്ട ഗതികേടിലാണ് ജല അതോറിട്ടി.വെള്ളത്തിന്റെ അഭാവം വലിയ അളവിലാണ് കൃഷിയെ ബാധിക്കുന്നത്. പുഴയോരത്തുള്ള നെല്‍പ്പാടങ്ങളെല്ലാം കരിഞ്ഞുണങ്ങുകയാണ്. ചെറുതുരുത്തി കൊച്ചി പാലത്തിന് സമീപം ചെറുതടയിണ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ 2008ല്‍ വിഭാവനം ചെയ്തുവെങ്കിലും ഇന്നും അത് പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.