ജേക്കബ് തോമസിനെ പുറത്താക്കണം; സിപിഎമ്മിന്റെ കൂട്ടിലടച്ച തത്തയാണ് ജേക്കബ് തോമസ്;സിപിഎം പറയുന്ന കാര്‍ഡുകള്‍ മാത്രമെ തത്ത കൊത്തു;വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.സിപിഎമ്മിന്റെ കൂട്ടിലടച്ച തത്തയാണ് ജേക്കബ് തോമസ് എന്നിങ്ങനെയുളള വിമര്‍ശനങ്ങളാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നത്. സിപിഎം പറയുന്ന കാര്‍ഡുകള്‍ മാത്രമെ ജേക്കബ് തോമസ് കൊത്തുകയുള്ളുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.യു.ഡി.എഫ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപഹസിക്കുകയും ചെയ്ത ധീരതയ്ക്കുള്ള സമ്മാനമായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ പദവി. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കും കെ. ബാബുവിനും എതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഇ.പി. ജയരാജന്റെ കാര്യത്തില്‍ കാണിച്ചാല്‍ കസേര തെറിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ബന്ധുനിയമന വിവാദം മുഖ്യമന്ത്രിയിലേക്ക് തിരിയാന്‍ സി.പി.എം. അനുവദിക്കില്ല. ഇത് തന്റെ പ്രതിച്ഛായയ്ക്ക് പ്രഹരമേല്‍പ്പിക്കുമെന്ന് അദ്ദേഹം ഭയക്കുന്നു.  ജേക്കബ് തോമസിന്റെ രാജികത്ത് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചിരുന്നില്ല. തീരുമാനമാകുമ്പോള്‍ അറിയിക്കാമെന്നും ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം തങ്ങളുടെ മുന്നില്‍ ഇല്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചതും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ജേക്കബ് തോമസിന്റെ കാര്യത്തില്‍ ഇനി അന്തിമതീരുമാനം കൈക്കൊള്ളുന്നതും. ഈ അവസരത്തിലാണ് വീക്ഷണം ശക്തമായ വിമര്‍ശനങ്ങളുമായി ജേക്കബ് തോമസിനെതിരെ എത്തിയതും.

© 2024 Live Kerala News. All Rights Reserved.